ഭാരതപ്പുഴയിലെ സ്ഥിരം തടയണ നിര്‍മാണം ഇനിയും വൈകും

ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ കൊച്ചിപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി നിര്‍മാണം സ്തംഭിച്ച് കിടക്കുന്ന സ്ഥിരം തടയണയുടെ പ്രവൃത്തി ഈ വേനല്‍ക്കാലത്തും പുനരാരംഭിക്കാനാകില്ളെന്ന് സൂചന. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി തടയണക്ക് ഭരണാനുമതി ലഭിച്ചെന്നും ഫണ്ട് അനുവദിച്ചെന്നും പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിനെയും തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയെയും ബന്ധിപ്പിച്ചാണ് തടയണ നിര്‍മിക്കേണ്ടത്. നിര്‍മാണ ചുമതല തൃശൂര്‍ ജില്ലാ ഇറിഗേഷന്‍ വിഭാഗത്തിനാണ്. പദ്ധതിക്കായുള്ള 15 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചതായോ ഫണ്ടനുവദിച്ചതായോ തങ്ങള്‍ക്കറിവില്ളെന്നാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. 2008 ഒക്ടോബര്‍ 20നാണ് തടയണയുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യവര്‍ഷം വേനലില്‍ മാത്രമാണ് കാര്യമായ പ്രവൃത്തി നടന്നത്. 340 മീറ്റര്‍ നീളം വരുന്ന തടയണയുടെ 160 മീറ്റര്‍ അടിത്തറയാണ് അന്ന് പൂര്‍ത്തിയാക്കിയത്. 2009ല്‍ പ്രവൃത്തി പൂര്‍ണമായും നിലച്ചു. 18 മാസമായിരുന്നു തടയണയുടെ നിര്‍മാണ കാലാവധി. അഞ്ചുകോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യത്തെ എസ്റ്റിമേറ്റ്. ഈ തുകയത്രയും തൃശൂര്‍ ജില്ലാ റിവര്‍മാനേജ്മെന്‍റ് ഫണ്ടില്‍നിന്ന് വിനിയോഗിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, 50 ലക്ഷം രൂപയിലധികം ഒറ്റയടിക്ക് വിനിയോഗിക്കാന്‍ റിവര്‍ മാനേജ്മെന്‍റിന് അനുമതിയില്ല. ഈ സാങ്കേതിക തടസ്സത്തില്‍പെട്ട് പദ്ധതി ഇഴയവെ കരാറുകാരന്‍ മരിക്കുകയും ചെയ്തു. ഇതോടെ പ്രവൃത്തി പൂര്‍ണമായും നിലച്ചു. 2.75 കോടിയോളം രൂപ അതുവരെയുള്ള പ്രവൃത്തിക്ക് ചെലവായി. പ്രവൃത്തി നിലച്ചതോടെ അടുത്ത വര്‍ഷം എസ്റ്റിമേറ്റ് തുക 6.50 കോടിയായും പിന്നീടുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 10 കോടി, 12.2 കോടി, 14.5 കോടി എന്നിങ്ങനെ വര്‍ധിച്ചു. കേവലം അഞ്ച് കോടിക്ക് തീരേണ്ട പദ്ധതിയുടെ ചെലവ് രണ്ട് ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടും ഇപ്പോഴും പ്രവൃത്തി പുനരാരംഭിക്കാനായിട്ടില്ല. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നിരവധി പഞ്ചായത്തുകളിലെയും ഷൊര്‍ണൂര്‍ നഗരസഭയിലെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് പദ്ധതി വിഭാവനം ചെയ്തത്. നിലവില്‍ വേനല്‍ക്കാലത്തെ അനുസ്മരിപ്പിക്കുംവിധമാണ് പുഴയിലെ നീരൊഴുക്ക്. ഇരു കരകളിലും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുമുണ്ട്. എന്നിട്ടും ബന്ധപ്പെട്ടവര്‍ വാഗ്ദാനങ്ങള്‍ നല്‍കി മുന്നോട്ട് പോവുക മാത്രമാണ് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകരകളിലെയും മണ്ഡലങ്ങളില്‍ പ്രധാന പ്രചാരണ ആയുധമായിരുന്നു തടയണ പദ്ധതി. അധികാരത്തില്‍ വന്നാല്‍ ആദ്യവര്‍ഷംതന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.