‘പൊലിവ്’ പദ്ധതി വന്‍വിജയം; പച്ചക്കറി വിളഞ്ഞത് 1000 ഏക്കറില്‍

പാലക്കാട്: വീട്ടുമുറ്റത്തും പറമ്പിലും പച്ചക്കറിത്തോട്ടമൊരുക്കാന്‍ കുടുംബശ്രീ തുടക്കമിട്ട ‘പൊലിവ്’ പദ്ധതി ജില്ലയില്‍ വന്‍ വിജയം. ഓണക്കാലത്ത് കുടുംബശ്രീ ചന്തകളില്‍ എത്തിയ നാടന്‍ പച്ചക്കറിയില്‍ കൂടുതലും ‘പൊലിവ്’ അയല്‍ക്കൂട്ട സംഘങ്ങളില്‍നിന്ന്. പച്ചക്കറി വിഷമുക്തമാക്കാനായി കഴിഞ്ഞ ജൂണില്‍ കുടുംബശ്രീ മിഷന് കീഴില്‍ തുടങ്ങിയ പദ്ധതിയാണ് പൊലിവ്. അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ വീടിനോട് ചേര്‍ന്നും മറ്റും പരമാവധി പച്ചക്കറി കൃഷിത്തോട്ടമൊരുക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിട്ടത്. നല്ല ജീവിതശൈലി, നല്ല ആരോഗ്യം, വൃത്തിയുള്ള പരിസരം, ശുദ്ധജലം, മാലിന്യസംസ്കരണം എന്നീ പഞ്ചശീലങ്ങളിലൂന്നിയായിരുന്നു പദ്ധതി. കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചിരുന്നു. അയല്‍ക്കൂട്ടങ്ങള്‍ക്ക് കൃഷി വകുപ്പാണ് വിത്തും കൃഷി ചെയ്യാനുള്ള മാര്‍ഗനിര്‍ദേശവും നല്‍കിയത്. ജില്ലയില്‍ 96 പഞ്ചായത്തുകളിലായി 1008 ഏക്കറിലാണ് കൃഷിയൊരുക്കിയത്. 12578 അയല്‍ക്കൂട്ടങ്ങള്‍ പൊലിവ് പദ്ധതിയില്‍ പങ്കാളികളായി. അഗളി പഞ്ചായത്തില്‍ 41 ഏക്കറിലും മുതുതലയില്‍ 60 ഏക്കറിലും പച്ചക്കറിത്തോട്ടമൊരുക്കിയത്. അലനല്ലൂരില്‍ 36 ഏക്കറിലും ആലത്തൂരില്‍ 25 ഏക്കറിലും അനങ്ങനടിയില്‍ 11ഏക്കറിലും പച്ചക്കറി വിളയിച്ചു. ജില്ലയില്‍ കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് ഒരുക്കിയ 80ലധികം ചന്തകളില്‍ വിപണനത്തിനത്തെിയത് പൊലിവ് കൃഷിത്തോട്ടങ്ങളില്‍നിന്ന് വിളയിച്ചെടുത്ത പച്ചക്കറിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.