12.5 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

ശ്രീകൃഷ്ണപുരം: 2016-17 സാമ്പത്തിക വര്‍ഷത്തേക്ക് 12,58,58,050 രൂപ അടങ്കല്‍ വരുന്ന വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ളാന്‍ ഗ്രാന്‍റ് ഇനത്തില്‍ 4,18,18,000 രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍റിനത്തില്‍ 38,70,000 രൂപയും ഉള്‍പ്പെടുന്നതാണ് പദ്ധതി. മറ്റു വിഭവ സ്രോതസ്സുകളില്‍ നിന്നായി പ്രതീക്ഷിക്കുന്ന 8.01 കോടി രൂപ കൂടി ഉള്‍കൊള്ളിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉല്‍പാദന മേഖലയില്‍ ക്ഷീരകാര്‍ഷിക മേഖലക്ക് 42 ലക്ഷവും നാടന്‍ കോഴിമുട്ട ലഭ്യത ഉറപ്പുവരുത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍ വഴിയുള്ള കോഴി വളര്‍ത്തല്‍ പദ്ധതിക്ക് 39 ലക്ഷം രൂപയും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി 10.5 ലക്ഷം രൂപയും വകയിരുത്തി. കാരാകുറുശ്ശി പഞ്ചായത്തില്‍ ഖാദി നെയ്ത്ത് തൊഴില്‍ കേന്ദ്രം തുടങ്ങാന്‍ 32 ലക്ഷം രൂപയും പച്ചക്കറി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് യന്ത്ര സാമഗ്രികള്‍ വാങ്ങുവാന്‍ ആറ് ലക്ഷവും വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയില്‍ ഭവന പദ്ധതിക്ക് 7.53 കോടി രൂപയും വെള്ളിനേഴി പഞ്ചായത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും കേരള സര്‍ക്കാറിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ തുടങ്ങുന്ന ഗ്യാസ് ക്രീമിറ്റോറിയത്തിന് ബ്ളോക് വിഹിതമായി അഞ്ച് ലക്ഷവും പ്ളാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് പൂക്കോട്ടുകാവ് പഞ്ചായത്തിന് 20 ലക്ഷം, കടമ്പഴിപ്പുറം, ആശുപത്രി ജങ്ഷന്‍, തിരുവാഴിയോട് എന്നിവിടങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ 22 ലക്ഷം, സാന്ത്വന പരിചരണ വിഭാഗമായ സമന്വയക്ക് 19 ലക്ഷവും വകയിരുത്തി. കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ 18.5 ലക്ഷവും അങ്കണവാടികള്‍ക്ക് 30 ലക്ഷവും കുടിവെള്ള പദ്ധതിക്ക് 23 ലക്ഷവും പട്ടികജാതി കോളനി കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ക്ളാസുകള്‍ തുടങ്ങുവാന്‍ എട്ട് ലക്ഷം രൂപയും കാരാകുര്‍ശ്ശിയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വിപുലീകരണത്തിന് 5.58 ലക്ഷവും ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ വൃദ്ധജനങ്ങള്‍ക്ക് താമസ കേന്ദ്രം നിര്‍മാണത്തിന് 11 ലക്ഷം രൂപയും കടമ്പഴിപ്പുറം അന്ധര്‍ക്കുള്ള തൊഴില്‍ കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ക്കായി 2.5 ലക്ഷവും പശ്ചാത്തല മേഖലയില്‍ ഗ്രാമന്യായാലയത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് ലക്ഷവും റോഡ് നവീകരണത്തിന് 66 ലക്ഷവും ഘടക സ്ഥാപനങ്ങളുടെ കെട്ടിട പശ്ചാത്തല സൗകര്യ വിപുലീകരണത്തിന് 27 ലക്ഷം രൂപയും വകയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.