ഇവിടെ റോഡുണ്ട്; പക്ഷേ, യാത്ര അസാധ്യം

ആനക്കര: പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. ആനക്കര പഞ്ചായത്തിലെ കുമ്പിടി യൂനിയന്‍ ഷെഡില്‍നിന്ന് ആരംഭിച്ച് ആനക്കര ഹൈസ്കൂളിന് സമീപം എത്തുന്ന റോഡിനോടാണ് അധികൃതരുടെ അവഗണന. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്. ടാറിങ് നടത്തി പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും റീടാറിങ് നടത്താത്തതാണ് പ്രശ്നം. കുമ്പിടിയില്‍നിന്ന് എടപ്പാളിലേക്ക് എളുപ്പത്തിലത്തൊന്‍ കഴിയുന്ന റോഡാണിത്. ഈ റോഡരികിലാണ് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആനക്കര എ.ഡബ്ള്യ.എച്ച് കോളജ്, മേപ്പാടം പി.എച്ച്.സി എന്നിവ സ്ഥിതി ചെയ്യുന്നത്. ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കാല്‍നടയായി സ്കൂളിലേക്കും കോളജിലേക്കും പോകുന്ന റോഡാണിത്. ഈ റോഡ് ഗതാഗത യോഗ്യമാക്കി ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കണ്ണു തുറന്നിട്ടില്ല. സമീപത്തെ കേളജിലേക്ക് ആനക്കര ഹൈസ്കൂളിന് സമീപം ബസിറങ്ങി കാല്‍നടയായിട്ടാണ് വിദ്യാര്‍ഥികള്‍ പോകുന്നത്. റോഡ് റീടാറിങ് നടത്തണമെന്നും ഈ റോഡിലൂടെ ബസ് റൂട്ട് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥികളും പരാതികള്‍ നല്‍കിയിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായിട്ടില്ല. ഇവിടെ ജനവാസം കുറഞ്ഞ കുന്നിന്‍ മുകളിലൂടെ റോഡ് പോകുന്ന ഭാഗത്ത് മലപ്പുറം ജില്ലയില്‍നിന്ന് വ്യാപകമായി കോഴി മാലിന്യവും വിവാഹ സദ്യകളുടെ അവശിഷ്ടങ്ങളും തള്ളുന്നത് കാരണം ദുര്‍ഗന്ധവും തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. ഇതുകാരണം തനിച്ച് വിദ്യാര്‍ഥികള്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും ടാറിങ് നടത്തിയെങ്കിലും ഈ റോഡ് അധികൃതര്‍ പാടെ അവഗണിച്ച മട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.