പാലക്കാട്: ഹൈകോടതി നിര്‍ദേശം കാറ്റില്‍ പറത്തി പ്രീപ്രൈമറി അധ്യാപകര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ ഇനിയും നടപ്പാക്കിയില്ല. ഇതുമൂലം അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും സ്കൂള്‍ അധികൃതര്‍ ഇവര്‍ക്ക് അവധി അനുവദിക്കുന്നില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലായി 5000ത്തോളം പ്രീപ്രൈമറി അധ്യാപകരാണുള്ളത്. തങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ളെന്നാണ് ഇവരുടെ പരാതി. 2012 ആഗസ്റ്റ് ഒന്നിനാണ് ഹൈകോടതി സേവന വേതന വ്യവസ്ഥ സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണ് അന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. വര്‍ഷം നാല് കഴിഞ്ഞിട്ടും കോടതി നിര്‍ദേശം പാലിക്കപ്പെട്ടില്ല. അര്‍ഹമായ പല ആനുകൂല്യങ്ങളും വ്യവസ്ഥ പാലിക്കാത്തതുകൊണ്ട് നഷ്ടപ്പെടുകയാണെന്നാണ് പ്രീപ്രൈമറി അധ്യാപകരുടെ ആരോപണം. കഞ്ചിക്കോട് ജി.എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയായ കെ.പി. കാമാക്ഷിക്കുട്ടി ശസ്ത്രക്രിയക്കായി മൂന്ന് മാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും സേവന വേതന വ്യവസ്ഥ നടപ്പാക്കിയിട്ടില്ളെന്ന് കാണിച്ച് അവധി അനുവദിച്ചില്ല. നിര്‍ബന്ധ സാഹചര്യത്തില്‍ രേഖകള്‍ കാണിച്ച് അവധിയില്‍ പ്രവേശിച്ചപ്പോള്‍ പകരം ആളെ നിയമിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് കാമാക്ഷിക്കുട്ടി പരാതിപ്പെടുന്നു. ടീച്ചര്‍മാരുടെ അവസ്ഥ ഇത്രക്ക് പരിതാപകരമാണെങ്കിലും പ്രീപ്രൈമറി ക്ളാസുകള്‍ നടത്തുന്ന സര്‍ക്കാര്‍ സ്കൂള്‍ പി.ടി.എകളുടെ പിഴിച്ചിലിന് കുറവില്ല. പുതുതായി പ്രവേശം നേടാനത്തെുന്ന വിദ്യാര്‍ഥികളില്‍നിന്ന് വിവിധ ഫണ്ടുകളുടെ പേര് പറഞ്ഞ് 3000ത്തോളം രൂപ പി.ടി.എ ഫണ്ടായി വാങ്ങുന്ന സ്കൂളുകള്‍ ജില്ലയിലുണ്ട്. പല സ്കൂളുകളിലും രണ്ടാം വര്‍ഷത്തിലും വിദ്യാര്‍ഥികളില്‍നിന്ന് ഈ തുക വാങ്ങാറുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. കമ്പ്യൂട്ടര്‍ ഫീസ് എന്നു പറഞ്ഞ് പോലും വിദ്യാര്‍ഥികള്‍ പണം ഈടാക്കുന്നുണ്ടെന്നും എന്നാല്‍, ഇത്തരം സൗകര്യങ്ങളൊന്നും ഒരു പി.ടി.എയും നടപ്പാക്കുന്നില്ളെന്നും ഇവിടത്തെ അധ്യാപകര്‍തന്നെ പറയുന്നു. ശമ്പളം നല്‍കുന്നത് സര്‍ക്കാറാണെങ്കിലും ഇവരെ നിയമിക്കുന്നത് സ്കൂള്‍ പി.ടി.എകളാണ്. അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യം ആവശ്യപ്പെടുമ്പോള്‍ പിരിച്ചുവിടുമെന്ന ഭീഷണിയാണ് പലപ്പോഴും പി.ടി.എയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഏകീകരിച്ച സിലബസ് എന്ന ആവശ്യം ഇപ്പോഴും സര്‍ക്കാര്‍ പ്രീപ്രൈമറി ക്ളാസുകളില്‍ നടപ്പാക്കിയിട്ടില്ല. പലരും സ്വകാര്യ സ്കൂളുകളില്‍നിന്നുള്ള സിലബസിനെ ആശ്രയിച്ചാണ് ക്ളാസുകള്‍ നടത്തുന്നത്. ശമ്പള കമീഷന്‍ നിര്‍ദേശം നടപ്പാക്കുന്നതിലും പ്രീപ്രൈമറി അധ്യാപകരോടുള്ള ചിറ്റമ്മ നയം സര്‍ക്കാര്‍ കാണിക്കുന്നുണ്ട്. എല്ലാവര്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ ഇവര്‍ക്ക് മാത്രം അത് 2016 ജൂണ്‍ മുതല്‍ക്കാക്കി മാറ്റി. അതുപോലും കിട്ടിത്തുടങ്ങിയില്ളെന്നും ഇവര്‍ പറയുന്നു. പുതുക്കിയത് പ്രകാരം ഇവര്‍ക്ക് മാസം ലഭിക്കുക 9000 രൂപ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.