കാട്ടാനശല്യം: പൊറുതിമുട്ടിയ ജനം റോഡ് ഉപരോധിച്ചു

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. തെങ്കരയിലെ മെഴുകുംപാറ, ആനമൂളി ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ദുരിതം വിതക്കുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. രാവിലെ ഒമ്പതോടെ ആരംഭിച്ച ഉപരോധം മൂന്ന് മണിക്കൂറോളം നീണ്ടു. ഇതുവഴിയുള്ള ആനക്കട്ടി-കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രണ്ട് കുട്ടിയാനകളും മോഴയുമടക്കമുള്ള ആറംഗ കാട്ടാനക്കൂട്ടമാണ് മേഖലയില്‍ നാശം വിതക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. മേഖലയില്‍ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഇതിനോടകമുണ്ടായത്. ഓണവിപണി പ്രതീക്ഷിച്ച് വാഴകൃഷിയിറക്കിയ ഭൂരിഭാഗം കര്‍ഷകരുടെയും കൃഷി നശിച്ചിട്ടുണ്ട്. കാട്ടാനകളുടെ ആക്രമണത്തില്‍ വനം വകുപ്പും നിസ്സഹായരാണ്. റബര്‍ ബുള്ളറ്റ് ഉള്‍പ്പെടെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നാടുവിട്ടുപോവാത്ത കാട്ടാനക്കൂട്ടം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കെന്ന രീതിയില്‍ മാറുകയാണ്. ഇന്നലെ നടന്ന ജനകീയ റോഡ് ഉപരോധത്തിന് പഞ്ചായത്തംഗം ടി.കെ. ഫൈസല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.വി. ഷൗക്കത്തലി, എം. ഉണ്ണീന്‍, കുരിക്കള്‍ സൈത്, എം.കെ. ചന്ദ്രന്‍, വട്ടോടി തങ്കച്ചന്‍, മോഹനന്‍, ഭാസ്കരന്‍ മുണ്ടക്കണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെങ്കര പഞ്ചായത്ത് പ്രസിഡന്‍റ് സാവിത്രി സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. മണ്ണാര്‍ക്കാട് എസ്.ഐ ഷിജു കെ. എബ്രഹാമിന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെി. ബുധനാഴ്ച 11ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫിസില്‍ എം.പി, എം.എല്‍.എ, കലക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.