‘ഹരിതവിപ്ളവം പരമ്പരാഗത നെല്‍വിത്തുകള്‍ നഷ്ടപ്പെടുത്തി’

പട്ടാമ്പി: പരമ്പരാഗത നെല്‍വിത്തുകള്‍ നഷ്ടപ്പെടുത്തിയത് ഹരിതവിപ്ളവമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. പുതിയ ജൈവ കാര്‍ഷിക നയത്തിലൂടെ നാടന്‍ വിത്തിനങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാറെന്നും കൊപ്പം അഭയത്തില്‍ ‘പരമ്പരാഗത നെല്‍വിത്തുകളുടെ പ്രസക്തിയും പരിരക്ഷണവും’ വിഷയത്തില്‍ നടന്ന ശില്‍പശാലയും സെമിനാറും ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കൊപ്പം അഭയത്തിന്‍െറയും കോയമ്പത്തൂര്‍ സാലിം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പുതിയ നയത്തില്‍ കാര്‍ഷികസര്‍വകലാശാലകളും കൃഷിവകുപ്പും കൃഷിയെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരും. കൃഷിവകുപ്പ് നേരിട്ട് നാടന്‍ നെല്ലുകളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടിയും നിര്‍ദിഷ്ട ജൈവകാര്‍ഷിക നയത്തിലൂടെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സസ്യ ജനിതക സംരക്ഷണ ദേശീയ പുരസ്കാരം നേടിയ അഭയം ഡയറക്ടര്‍ പി. കൃഷ്ണനെ ആദരിച്ചു. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സുമിത, ഡോ. രാജാജയപാല്‍, ഡോ. മാത്യൂ കെ. സെബാസറ്റ്യന്‍, പ്രഫ. നാരായണന്‍കുട്ടി, പ്രഫ. സി.ആര്‍. എല്‍സി, ഡോ. പി.വി. കരുണാകരന്‍, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ഇസ്രായേല്‍ തോമസ്, ഡോ. അരുണ്‍, പി.കെ. ചെല്ലുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.