കോടിയുടെ നഷ്ടം: കഞ്ചിക്കോട് ടിന്നര്‍ നിര്‍മാണ യൂനിറ്റില്‍ തീപിടിത്തം

പാലക്കാട്: കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കോടിയുടെ നഷ്ടം. ഇനാമല്‍ ടിന്നര്‍ നിര്‍മിക്കുന്ന ഓര്‍ക്കിഡ് ഓറഞ്ച് കമ്പനിക്കാണ് തീപിടിച്ചത്. യൂനിറ്റ് പ്രവര്‍ത്തിക്കുന്ന ആസ്ബസ്റ്റോസ് കെട്ടിടവും ടര്‍പ്പന്‍ൈറന്‍ ഓയിലും ഫാക്ടറി ഉപകരണങ്ങളും കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിശമന സേന ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. കഞ്ചിക്കോട് യൂനിറ്റിലെ സ്റ്റേഷന്‍ ഓഫിസര്‍ സി.എ. സുരേന്ദ്രന്‍, ലീഡിങ് ഫയര്‍മാന്‍ ജി. മധു, പാലക്കാട് യൂനിറ്റിലെ നൗഫല്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. മിക്സിങ് മോട്ടോറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. ഈ സമയം 12 തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ടര്‍പ്പന്‍ൈറന്‍ ഓയിലിന് തീപിടിച്ചതിനാല്‍ തീ സമീപ യൂനിറ്റുകളിലേക്കും പടരുമെന്ന ആശങ്കയുണ്ടായിരുന്നു. കഞ്ചിക്കോട്, പാലക്കാട്, ആലത്തൂര്‍, വടക്കേഞ്ചരി ഫയര്‍ സ്റ്റേഷനുകളിലെ എട്ട് യൂനിറ്റുകള്‍ രണ്ടര മണിക്കൂര്‍ പ്രയത്നിച്ചാണ് തീയണച്ചത്. കമ്പനിയുടെ ഓഫിസ് കെട്ടിടത്തിലേക്ക് തീപടരാതെ തീ നിയന്ത്രിച്ചു. അഗ്നിശമന സേനയുടെ പാലക്കാട് അസി. ഡിവിഷനല്‍ ഓഫിസര്‍ പി. രഞ്ജിത്തിന്‍െറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. വാളയാര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. തിന്‍ലാക്ക് എന്ന ബ്രാന്‍ഡില്‍ ടിന്നര്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയാണ് ഓര്‍ക്കിഡ് ഓറഞ്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.