പത്തിരിപ്പാല: വിളഞ്ഞ് കൊയ്തെടുക്കാറായ സമയത്ത് കൂട്ടമായത്തെുന്ന കാട്ടുപന്നികളുടെ വിളയാട്ടം കര്‍ഷകര്‍ക്ക് ദുരിതമായി. മണ്ണൂര്‍, മങ്കര, ലെക്കിടിപേരൂര്‍ പഞ്ചായത്തുകളിലെ നെല്‍കൃഷിയിടങ്ങളിലാണ് വ്യാപകമായ തോതില്‍ കാട്ടുപന്നികളുടെ വിളയാട്ടം. ഞാറ്റടികളേയും വിളഞ്ഞ നെല്ലുകളിലുമാണ് കാട്ടുപന്നികള്‍ ചവിട്ടിയും കിടന്നുരുണ്ടും നശിപ്പിക്കുന്നത്. നന്നായി വിളഞ്ഞ് കൊയ്തെടുക്കാന്‍ പാകമായ സമയത്താണ് കൂട്ടമായി പന്നികള്‍ എത്തി നശിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനിടെ മണ്ണൂര്‍ മേഖലയില്‍ 30 ഏക്കറോളം നെല്‍കൃഷി നശിപ്പിച്ചതായാണ് കണക്ക്. മേഖലയിലെ ഒട്ടുമിക്ക കര്‍ഷകരും കൃഷിയിറക്കാതെ തരിശിട്ടിരിക്കുകയാണ്. രാത്രി ഉറക്കമൊഴിച്ച് കാവലിരുന്നിട്ടും കാര്യമായ പ്രയോജനം ലഭിക്കുന്നില്ലത്രേ. പടക്കം പൊട്ടിച്ച് പന്നിയെ തുരത്തുന്നവരും തുണി കെട്ടി വരമ്പത്ത് വേലികെട്ടുന്നവരും ധാരാളം. കാട്ടുപന്നികളുടെ ആക്രമണത്തിന് പുറമെ മയില്‍ ശല്യവും കര്‍ഷകര്‍ക്ക് ദുരിതമാകുന്നതായി തെഞ്ചേരി പാടത്തെ കര്‍ഷകനും പാടശേഖര സമിതി സെക്രട്ടറിയുമായ എ.വി.എം. റസാക്ക് പറഞ്ഞു. പന്നികള്‍ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം പോലും ലഭിക്കാറില്ല. കഴിഞ്ഞ ദിവസം മാങ്കുറുശ്ശിയില്‍ മൂന്ന് ഏക്കര്‍ നെല്‍കൃഷി കാട്ടുപന്നി നശിപ്പിച്ചു. നെല്‍പാടങ്ങള്‍ കമ്പിവേലി കെട്ടി വളച്ചുകെട്ടി സംരക്ഷിക്കാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ അനുവദിക്കണമെന്നും നശിച്ച കൃഷിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മാങ്കുറുശ്ശി കാരാംങ്കോട്, പാടശേഖര സമിതി സെക്രട്ടറി കെ.പി. ചാമുണ്ണി ആവശ്യപ്പെട്ടു. ലെക്കിടിപേരൂര്‍ പഞ്ചായത്തിലും കാട്ടുപന്നി ശല്യം വ്യാപകമാണ്. മുളഞ്ഞൂര്‍ മംഗലം മേഖലയിലാണ് കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. നെല്‍കൃഷി നശിപ്പിക്കുന്നതിന് പുറമെ യാത്രക്കാര്‍ക്കും പന്നികള്‍ ഭീഷണിയായി മാറുന്നുണ്ട്. മണ്ണൂര്‍ ലെക്കിടി മേഖലകളില്‍ കപ്പ വ്യാപകമായികൃഷി ചെയ്തിരുന്നു. എന്നാല്‍, പന്നിശല്യം മൂലം കപ്പ കൃഷി പൂര്‍ണമായും കര്‍ഷകര്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. ചുറ്റുഭാഗവും കിടങ്ങ് കുഴിച്ച് കൃഷിയെ പന്നി ശല്യത്തില്‍നിന്ന് സംരക്ഷിക്കണമെന്നാവശ്യവും കര്‍ഷകര്‍ ബന്ധപ്പെട്ടവരോട് ഉന്നയിച്ചെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.