പട്ടാമ്പിയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പരിഗണിക്കും –മുഖ്യമന്ത്രി

പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി മറുപടി അറിയിച്ചത്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നേരത്തേ ഉണ്ടായിരുന്നതെന്നും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെതന്നെ ഏറ്റവും വലിയ സ്ക്രാപ് കച്ചവടം നടക്കുന്നത് ഓങ്ങല്ലൂര്‍ പഞ്ചായത്തിലാണ്. വിവിധയിനം മെറ്റല്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍, പ്ളാസ്റ്റിക്, ഇ-മാലിന്യം തുടങ്ങി പലതരം സ്ക്രാപ്പുകള്‍ ഇവിടെ എത്തുന്നുണ്ട്. പാതയോരത്ത് ഇവ കൂട്ടിയിടുന്നതും കത്തിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വൃക്ക, കാന്‍സര്‍ രോഗങ്ങളും പകര്‍ച്ച വ്യാധികളും ഇവിടെ വ്യാപകമാണ്. ഇതിനുപരിഹാരം കാണാനും ആക്രി കച്ചവടം നടത്തുന്നവരുടെ ഉപജീവനം മുടക്കാതെ ആധുനിക സാങ്കേതിക മികവുകള്‍ ഉപയോഗപ്പെടുത്തി ജനവാസ കേന്ദ്രത്തില്‍നിന്ന് ഈ കച്ചവടം മാറ്റി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കാനുമാണ് സബ്മിഷനിലൂടെ എം.എല്‍.എ ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.