കൊല്ലങ്കോട്ട് സി.പി.എം–സി.പി.ഐ ചേരിപ്പോര്

കൊല്ലങ്കോട്: വികസന പദ്ധതികള്‍ യഥാവിധി അംഗങ്ങളെ അറിയിച്ചില്ളെന്ന് പറഞ്ഞ് ഇടതുപക്ഷം ഭരിക്കുന്ന കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ സി.പി.ഐയിലെ വൈസ് പ്രസിഡന്‍റും ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങളും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഏറെ നേരം തടഞ്ഞുവെച്ചു. എന്നാല്‍, സമരത്തിനാധാരമായ വിഷയത്തില്‍ കഴമ്പില്ളെന്ന് സെക്രട്ടറി വി.ആര്‍. ഉണ്ണികൃഷ്ണന്‍ പിള്ളയും സി.പി.എമ്മിലെ പഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി കറുപേഷും പറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികസന പദ്ധതികള്‍ സംബന്ധിച്ച് ഭരണസമിതി യോഗത്തില്‍ പ്രസിഡന്‍റ് പരാമര്‍ശിക്കാത്ത പദ്ധതികള്‍ എഴുതി ചേര്‍ത്തെന്നാരോപിച്ചായിരുന്നു ഇടത് ഘടകകക്ഷിയായ സി.പി.ഐയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടി വി.ആര്‍. ഉണ്ണികൃഷ്ണന്‍പിള്ളയെ തടഞ്ഞുവെച്ചത്. ഒക്ടോബര്‍ 27ന് കൊല്ലങ്കോട് പഞ്ചായത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ലോകബാങ്കിന്‍െറ വിഹിതമായ 37,06,988 രൂപയില്‍ 25,26,988 രൂപയുടെ പദ്ധതികളുടെ അംഗീകാരം മാത്രമാണ് നല്‍കിയതെന്നും ഇതുമാത്രമേ പഞ്ചായത്ത് പ്രസിഡന്‍റ് വായിച്ചിരുന്നതെന്നും സമരക്കാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവാദ വിഷയമായ പദ്ധതികളെപറ്റി ബോര്‍ഡ് യോഗത്തില്‍ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പ്രസിഡന്‍റിന്‍െറ വാദം. ഇത് വൈസ് പ്രസിഡന്‍റിന് അറിവുള്ളതാണെന്ന് അവര്‍ പറഞ്ഞു. ബോര്‍ഡ് യോഗത്തിന് ശേഷം കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ളെന്ന് സെക്രട്ടറിയും പറഞ്ഞു. സി.പി.എം-സി.പി.ഐ ചേരിപ്പോര് വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് പഞ്ചായത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.