ബി.ആര്‍.ജി.എഫ്: സര്‍ക്കാര്‍ ഒഴിഞ്ഞു; ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ബി.ആര്‍.ജി.എഫ് (ബാക്ക്വാര്‍ഡ് റീജന്‍ ഗ്രാന്‍റ് ഫണ്ട്സ്) സ്കീമില്‍ കരാറുകാര്‍ക്ക് ജില്ല പഞ്ചായത്ത് നല്‍കാനുള്ളത് കോടികള്‍. വാര്‍ഷിക പദ്ധതി വിഹിതത്തില്‍നിന്ന് കുടിശ്ശികക്ക് തുക മാറ്റിവെക്കുന്നത് ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനയായി. 2015-16ല്‍ 2.5 കോടി രൂപയും നടപ്പു സാമ്പത്തിക വര്‍ഷം 1.25 കോടി രൂപയുമാണ് ബി.ആര്‍.ജി.എഫ് കുടിശ്ശിക നല്‍കാന്‍ മാറ്റിവെച്ചത്. പിന്നാക്ക ജില്ല എന്ന നിലയില്‍ വയനാട്, പാലക്കാട് എന്നിവിടങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ബി.ആര്‍.ജി.എഫ് സ്കീം നടപ്പാക്കിയിരുന്നത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്കീമിനുള്ള സാമ്പത്തിക സഹായം നിര്‍ത്തി. ഇതേതുടര്‍ന്ന്, പൂര്‍ത്തീകരണ ഘട്ടത്തിലുള്ളതോ നിര്‍മാണം തുടങ്ങിയതോ ആയ പദ്ധതികള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും മറ്റുള്ളവ എഗ്രിമെന്‍റ് വെച്ചതാണെങ്കില്‍ പോലും തുടരേണ്ടതില്ളെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം ഇതിന് വിരുദ്ധമായി കരാറുകാരുമായി ഒത്തുകളിച്ച് രൂപരേഖയിലുള്ള പല നിര്‍മാണ പ്രവൃത്തികളും നിര്‍മാണഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതായി ആരോപണമുണ്ട്. ഇതുമൂലം ജില്ലാ പഞ്ചായത്തിന് ഓരോ വര്‍ഷവും പ്ളാന്‍ഫണ്ടില്‍നിന്ന് അധികതുക വകയിരുത്തേണ്ടി വരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയ 1.25 കോടിക്ക് പുറമെ ഇനിയും 5.5 കോടിയോളം കണ്ടത്തെിയാല്‍ മാത്രമേ ജില്ലാ പഞ്ചായത്തിന് ബാധ്യത തീര്‍ക്കാന്‍ കഴിയൂ. കഞ്ചിക്കോട് ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്‍റര്‍ കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് മാത്രം 85 ലക്ഷം രൂപയുടെ ബില്‍ കുടിശ്ശികയാണ്്. 2.25 കോടി രൂപയായിരുന്നു കെട്ടിടത്തിന്‍െറ എസ്റ്റിമേറ്റ്. ഇതില്‍ 1.25 കോടി ഇതിനകം നല്‍കി. ബി.ആര്‍.ജി.എഫ് പദ്ധതി പ്രകാരം നിര്‍മിച്ച ക്ളാസ് മുറികള്‍ ഉള്‍പ്പെടെ വിവിധ പ്രവൃത്തികള്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. സ്കീം നിര്‍ത്തിയതിന് പകരം നികുതി വരുമാനത്തിന്‍െറ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്കീം ബാധ്യത സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും ഇതിനായി അധികനികുതി വരുമാനം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം കുടിശ്ശിക നല്‍കണമെന്നും സ്കീം തുടരണമെന്നുമാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രമേയം പാസാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കുടിശ്ശിക തുക അനുവദിക്കാനാവില്ളെന്നും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്ളാന്‍ ഫണ്ടില്‍നിന്ന് ബാധ്യത തീര്‍ക്കണമെന്നും തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2015 ഏപ്രില്‍ 29ന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് കോടികളുടെ അധികബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമലിലായത്. 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ബി.ആര്‍.ജി.എഫില്‍ നടപ്പാക്കിയ വിവിധ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ക്ക് ജില്ലയില്‍ 25,39,62,000 രൂപ കുടിശ്ശികയുണ്ട്. ഗ്രാമവികസന വകുപ്പ് മുഖേന ജില്ലാ പഞ്ചായത്ത്, 13 ബ്ളോക് പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍, 33 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ 179 പ്രവൃത്തികള്‍ക്കാണ് തുക നല്‍കാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.