കോട്ടമൈതാനം കൈവിട്ടുപോകുന്നു; ആശങ്കയോടെ കായികതാരങ്ങള്‍

പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കോട്ടമൈതാനം കൈവിട്ടുപോകുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാര്‍ ലംഘിച്ച് പൊതുപരിപാടികള്‍ക്ക് നഗരസഭ അനുമതി നല്‍കി തുടങ്ങിയതോടെയാണ് കോട്ടമൈതാനത്തിന്‍െറ ശനിദശ തുടങ്ങിയത്. വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് പഥസഞ്ചലനം നടത്തിയതും കഴിഞ്ഞ ദിവസം തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്‍െറ ശ്രീനിവാസ കല്യാണം എന്ന ആത്മീയ പരിപാടി നടന്നതും കോട്ടമൈതാനത്താണ്. ഇനിയും വിവിധ സംഘടനകളുടെ പരിപാടിക്ക് കോട്ടമൈതാനം നല്‍കുമെന്ന ആശങ്ക കായിക പ്രേമികള്‍ക്കിടയില്‍ ശക്തമാണ്. രണ്ടു പരിപാടികള്‍ തുടര്‍ച്ചയായി നടന്നതോടെ മൈതാനത്ത് മാലിന്യം നിറഞ്ഞിരിക്കുകയാണ്. പന്തല്‍ നിര്‍മാണത്തിന് എത്തിച്ച ലോറി ഓടിച്ചതോടെ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാന മധ്യത്ത് നിര്‍മിച്ച പിച്ച് നശിച്ചു. സാമൂഹിക വിരുദ്ധരുടെ താവളമായിരുന്ന കോട്ടമൈതാനത്തെ ഇന്നു കാണുന്നവിധം മനോഹര കളിമുറ്റമാക്കിയത് ജില്ലാ ഭരണകൂടത്തിന്‍െറ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ക്രിക്കറ്റ് അസോസിയേഷന് മൈതാനം ലീസിന് നല്‍കിയത് ജില്ലാ കലക്ടറായിരുന്ന ഉഷാ ടൈറ്റസ് മുന്‍കൈയെടുത്താണ്. ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, നഗരസഭ സെക്രട്ടറി, നഗരസഭ കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ടു കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന കോട്ടമൈതാനം സംരക്ഷണ സമിതിക്കാണ് മൈതാനത്തിന്‍െറ നിയന്ത്രണാധികാരം. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ലീസ് എഗ്രിമെന്‍റ് പുതുക്കണമെന്ന വ്യവസ്ഥയിലാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് മൈതാനം കൈമാറിയത്. സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവയോടനുബന്ധിച്ചുള്ള പരേഡുകള്‍, മണപ്പുള്ളിക്കാവ് വേലയുടെ എഴുന്നള്ളിപ്പ് എന്നിവയൊഴിച്ച് മറ്റൊരു പൊതുപരിപാടിക്കും മൈതാനം നല്‍കരുതെന്നാണ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാറിലെ സുപ്രധാന വ്യവസ്ഥ. പൊതുപരിപാടികള്‍ക്ക് ചെറിയ കോട്ടമൈതാനം നല്‍കുന്നതായിരുന്നു കീഴ്വഴക്കം. ഇത് ലംഘിച്ചാണ് ക്രിക്കറ്റ് മൈതാനം പൊതുപരിപാടികള്‍ക്ക് നഗരസഭ നല്‍കിക്കൊണ്ടിരിക്കുന്നത്. 2015 ഫെബ്രുവരിയില്‍ ദിവസങ്ങളോളം നഗരസഭയുടെ 150ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നഗരസഭ തന്നെയാണ് കരാര്‍ ലംഘനം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ പൊതുസമ്മേളനത്തിന് വേദിയൊരുക്കിയത് കോട്ടമൈതാനത്താണ്. വിവിധ പരിപാടികള്‍ക്ക് വേദിയായതോടെ ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പുല്‍മൈതാനം നശിക്കുകയാണ്. രഞ്ജി ക്രിക്കറ്റിന് വേദിയായ മൈതാനമാണ് ജില്ലാ ഭരണകൂടത്തിന്‍െറ അനുമതി ഇല്ലാതെ പൊതുപരിപാടികള്‍ക്ക് നഗരസഭ ഏകപക്ഷീയമായി അനുവദിച്ചുകൊണ്ടിരിക്കുന്നത്. മൈതാനത്ത് കുഴികളും ആണിയും ബോള്‍ട്ടും കരാറുകാര്‍ ഉപേക്ഷിക്കുന്നു. ഇത് പെറുക്കിയെടുക്കേണ്ടതും മൈതാനത്തെ മാലിന്യം നീക്കേണ്ടതും ക്രിക്കറ്റ് അസോസിയേഷന്‍െറ ചുമലിലാവുന്നു. സ്വന്തം ജീവിതം ക്രിക്കറ്റിന്‍െറ പരിപോഷണത്തിനായി ഉഴിഞ്ഞുവെച്ച മണ്‍മറഞ്ഞ പാലക്കാട്ടുകാരുടെ ഉണ്ണിയേട്ടനായ എം.ജി. ഉണ്ണിയുടെ സ്മരണക്കായി നടത്തുന്ന ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഈ വര്‍ഷം നടത്താനായിട്ടില്ല. മൈതാനം നഗരസഭ നിരന്തരം പൊതുപരിപാടിക്ക് നല്‍കുന്നതുമൂലം ഈ ടൂര്‍ണമെന്‍റ് ഉള്‍പ്പെടെ ക്രിക്കറ്റ് അസോസിയേഷന്‍െറ കളികള്‍ നിരന്തരമായി മാറ്റിവെക്കേണ്ടിവന്നു. ഒക്ടോബറില്‍ നടക്കേണ്ട അന്തര്‍ജില്ലാ അണ്ടര്‍ 14 ക്രിക്കറ്റ് നവംബര്‍ ആദ്യത്തിലേക്ക് മാറ്റി. എം.ജി. ഉണ്ണി സ്മാരക ടൂര്‍ണമെന്‍റ് നവംബര്‍ അവസാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ടീമിന്‍െറ പരിശീലനം ടര്‍ഫ് പിച്ച് ഇല്ലാത്ത വിക്ടോറിയാ കോളജ് മൈതാനത്തേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ മികച്ച ക്രിക്കറ്റ് മൈതാനങ്ങള്‍ നിര്‍മിച്ചതോടെ രഞ്ജി ഉള്‍പ്പെടെ ദേശീയ ക്രിക്കറ്റ് മാച്ചുകള്‍ അങ്ങോട്ടു മാറി. അന്തര്‍ജില്ലാ മത്സരങ്ങള്‍പോലും പാലക്കാടിന് നഷ്ടമാവുന്ന സ്ഥിതിയാണ് നിലവില്‍. അത്ലറ്റുകള്‍ക്ക് പരിശീലനം ചെയ്യാനും പൊതുജനങ്ങള്‍ക്ക് വ്യയാമത്തിനുമുള്ള പൊതു ഇടമാണ് നഷ്ടമാവുന്നത്. ജില്ലാ ഭരണകൂടവും സ്പോര്‍ട്സ് കൗണ്‍സിലും മൗനത്തിലാണ്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് പിന്നാലെ കോട്ടമൈതാനവും കായികേതര ആവശ്യങ്ങള്‍ക്ക് തീരെഴുതുന്നത് ജില്ലയിലെ വളര്‍ന്നുവരുന്ന കായികതാരങ്ങളോട് ചെയ്യുന്ന കടുത്ത അപരാധമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.