പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി നടത്തിപ്പിനായി ജില്ലാ നിരീക്ഷണ സമിതി രൂപവത്കരിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ മലമ്പുഴ ഡാം ഉദ്യാനം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, തൃത്താലയിലെ വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നീ കേന്ദ്രങ്ങളിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ചെയര്‍മാനായുമാണ് നിരീക്ഷണ സമിതി രൂപവത്കരിച്ചിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ വൈസ് ചെയര്‍മാന്മാരായും ഡി.ടി.പി.സി സെക്രട്ടറി (എ.ഡി.എം), വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് നിരീക്ഷണ സമിതി.കേരളത്തിലെ 84 ടൂറിസം കേന്ദ്രങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31വരെയാണ് പ്രവര്‍ത്തന കാലയളവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നാഷനല്‍ സര്‍വിസ് സ്കീം, കുടുംബശ്രീ, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വാണിജ്യ വ്യാപാര മേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാതലത്തില്‍ നിരീക്ഷണ സമിതിക്കു പുറമെ കര്‍മ സമിതിയും ഉണ്ടാകും. യോഗത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി. ശാന്തകുമാരി, ഇന്ദിര രാമചന്ദ്രന്‍, വി.ഐ. ഷംസുദ്ദീന്‍, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, ശുചിത്വ മിഷന്‍ ഭാരവാഹികള്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.