കോയമ്പത്തൂരില്‍ ഭൂരിഭാഗം എ.ടി.എമ്മുകളും പ്രവര്‍ത്തനരഹിതം

കോയമ്പത്തൂര്‍: നോട്ടുക്ഷാമത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ജനങ്ങളുടെ ദുരിതം തുടരുന്നു. 90 ശതമാനം എ.ടി.എമ്മുകളും ഇനിയും തുറന്നിട്ടില്ല. നിലവില്‍ ബാങ്കുകളോട് ചേര്‍ന്ന് സ്ഥാപിച്ച എ.ടി.എമ്മുകളില്‍ മാത്രമാണ് പണവിതരണം നടക്കുന്നത്. ഇതിലും 2,000 രൂപയുടെ ഒറ്റ നോട്ട് മാത്രമാണ് ഉപഭോക്താവിന് ലഭിക്കുക. 2,000 രൂപക്ക് താഴെയുള്ള തുകയും പിന്‍വലിക്കാനാവാതെ ഒട്ടേറെ പാവങ്ങള്‍ കഷ്ടപ്പെടുന്നു. 500ന്‍െറ നോട്ടുകള്‍ പാലക്കാട്, സേലം ജില്ലകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിതരണം ചെയ്ത് തുടങ്ങിയിരുന്നു. എന്നാല്‍, കോയമ്പത്തൂരില്‍ വെള്ളിയാഴ്ചയാണ് 500ന്‍െറ നോട്ടുകള്‍ ബാങ്കുകള്‍ക്ക് നല്‍കിയത്. തിങ്കളാഴ്ച മുതല്‍ 500ന്‍െറ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് ബാങ്കധികൃതര്‍ അറിയിച്ചു. 500ന്‍െറ നോട്ടുകള്‍ ഇറങ്ങുന്നതോടെ വ്യാപാര മേഖലയിലെ ക്രയവിക്രയത്തിലുള്ള ബുദ്ധിമുട്ടുകള്‍ അല്‍പം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍റര്‍നെറ്റ് തകരാര്‍ മൂലം മേഖലയിലെ വിവിധ സ്ഥാപനങ്ങളിലുള്ള സൈ്വപ്പിങ് മെഷിനുകളും പ്രവര്‍ത്തിക്കുന്നില്ല. ഇത് വ്യാപാര കേന്ദ്രങ്ങളില്‍ പ്രശ്നമായിട്ടുണ്ട്. നവംബര്‍ 24ഓടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്നതും നിര്‍ത്തിവെച്ചു. ചില ബാങ്കുകള്‍ക്ക് മുന്നില്‍ ‘പണം നിക്ഷേപിക്കാം, നോട്ടുകള്‍ മാറിക്കിട്ടില്ല’ എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാവുന്ന വിധത്തില്‍ എ.ടി.എമ്മുകള്‍ ശരിപ്പെടുത്തുന്ന പ്രവര്‍ത്തനവും മന്ദഗതിയിലാണ് നീങ്ങുന്നത്. ശനിയും ഞായറും ബാങ്കുകള്‍ തുറക്കാത്തത് നോട്ട് പ്രതിസന്ധി രൂക്ഷമാക്കി. കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ നികുതിയടക്കുന്നതിന് പഴയ 1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ളെന്നും അതേസമയം, പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. നോട്ടുപ്രതിസന്ധി രൂക്ഷമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുകക്ഷികളും ഡി.എം.കെയും തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.