നോട്ടുദുരിതം: നെല്ല് അളന്നവര്‍ക്ക് പണം ലഭിച്ചില്ല

കുഴല്‍മന്ദം: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയത് മൂലം സഹകരണസംഘങ്ങളില്‍ അക്കൗണ്ടുള്ള നെല്ല് അളന്ന കര്‍ഷകര്‍ പണം കിട്ടാതെ വലയുന്നു. കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച വകയില്‍ അദ്യഗഡു സംഖ്യ 23.35 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞദിവസം ജില്ലയിലെ വിവിധ ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സംഖ്യ ജില്ല സഹകരണ ബാങ്കിനാണ് നല്‍കിയത്. 2,675 കര്‍ഷകര്‍ക്ക് കൊടുക്കുന്നതിനായി 14.78 കോടി രൂപയാണ് ജില്ല സഹകരണ ബാങ്കിലേക്ക് നല്‍കിയത്. ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും സഹകരണ സംഘങ്ങളിലെ അക്കൗണ്ടാണ് സപൈ്ളകോക്ക് നല്‍കിയിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് സംഖ്യ ലഭ്യമാക്കുന്നത് ജില്ല സഹകരണ ബാങ്ക് മുഖേനയാണ്. കര്‍ഷകരുടെ അക്കൗണ്ടുള്ള പ്രാഥമികസംഘങ്ങളിലേക്ക് ജില്ല ബാങ്ക് സംഖ്യ ക്രെഡിറ്റ് ചെയ്തെങ്കിലും ആവശ്യത്തിന് സാധുയായ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ സംഖ്യ പിന്‍വലിക്കാന്‍ വന്ന കര്‍ഷകര്‍ നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്. ചില പ്രാഥമിക സംഘങ്ങള്‍ സംഘത്തിന് അക്കൗണ്ടുള്ള ദേശസാത്കൃതബാങ്കിലേക്ക് ചെക്ക് കൊടുക്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്. കിലോക്ക് 22.50 രൂപയാണ് സര്‍ക്കാറിന്‍െറ താങ്ങുവില. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം സ്റ്റാറ്റ്യൂട്ടറി സംഖ്യ 14.70 രൂപയാണ് അദ്യഗഡുവായി കര്‍ഷകര്‍ക്ക് നല്‍കുന്നത്. ജില്ലയില്‍നിന്ന് ഒന്നാംവിള താങ്ങുവിലയ്ക്ക് നെല്ല് സംഭരിച്ച വകയില്‍ ഇതുവരെ 208 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 23.35 കോടി രൂപയാണ് ആദ്യഗഡുവായി വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.