നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിന് തുടക്കം

പാലക്കാട്: സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആരംഭിക്കുന്ന നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ എട്ടിന് ജില്ലയില്‍ തുടങ്ങും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം ജില്ല കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടത്തുന്ന ഗൃഹതല സര്‍വേയില്‍ ഫ്ളാറ്റ്/കോളനികള്‍, ഹോട്ടല്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണ വിവരങ്ങള്‍ ശേഖരിക്കും. പുനരുപയോഗിക്കാനാവുന്ന ഉല്‍പന്നങ്ങള്‍ പൊതുസംവിധാനത്തിലൂടെ കൈമാറുന്നതിനായി സ്വാപ് ഷോപ്പുകള്‍ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശാസ്ത്രീയമായി മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ജലസ്രോതസ്സുകളുടെ നവീകരണത്തിനും സ്കൂളുകളിലെ കിണറുകള്‍ അണുവിമുക്തമാക്കാനും ജലവിഭവ വകുപ്പും ആരോഗ്യ വകുപ്പും മേല്‍നോട്ടം വഹിക്കും. വാര്‍ഡ്തലങ്ങളില്‍ തരിശുഭൂമികളില്‍ കൃഷി വകുപ്പ് ജൈവകൃഷി ആരംഭിക്കും. പ്ളാസ്റ്റിക്ബാഗ് ഒഴിവാക്കുന്നതിന് വേണ്ട പ്രചാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ല കലക്ടര്‍, തദ്ദേശ സ്വയംഭരണ മേധാവികള്‍ എന്നിവര്‍ പദ്ധതി നിര്‍വഹണം വിലയിരുത്താന്‍ യോഗം ചേരും. പദ്ധതിയുടെ നിര്‍വഹണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.