കൂറ്റനാട്: ഓരോ വാഹനാപകടമുണ്ടാകുമ്പോഴും സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യുന്ന അധികൃതരുടെ കണ്ണുതുറക്കാനായി കൂറ്റനാട്ടുകാര്‍ പ്രാര്‍ഥനയില്‍. ഞായറാഴ്ച വൈകീട്ടുണ്ടായ അപകടത്തില്‍ നടന്നതു പോലുള്ള മനുഷ്യകുരുതി ഇനിയെങ്കിലും കാണാതിരിക്കട്ടെയെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ദീര്‍ഘദൂരപാതയായ ഇവിടെ ഗതാഗതപരിഷ്കരണവും സുരക്ഷയും ഒരുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. റോഡിന്‍െറ നവീകരണത്തിലെ അപാകതകള്‍ പരിഹരിക്കാത്തതുകൊണ്ട് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനാവുന്നില്ല. വാവന്നൂര്‍ മുതല്‍ കൂറ്റനാട് ബസ്സ്റ്റാന്‍ഡ് വരെയുള്ള സ്ഥലത്താണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഇവിടെ സ്ഥിരമായി വേഗതനിയന്ത്രണ ബോര്‍ഡുകളും റോഡില്‍ വേഗത നിയന്ത്രണ സംവിധാനവും ഒരുക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. കൂറ്റനാട് സെന്‍ററിലും ബസ്സ്റ്റാന്‍ഡ് പരിസരത്തും സിഗ്നല്‍ ലൈറ്റും കാമറകളും സ്ഥാപിക്കുന്നതിനായി മാറിവരുന്ന ചാലിശ്ശേരി എസ്.ഐമാരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴാവുകയാണ്. നിലവിലെ എസ്.ഐ രാജേഷും ഇത്തരമൊരു ശ്രമവുമായി മുന്നോട്ടുവന്നെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. കാമറയില്ലാത്തതിനാല്‍ അപകടത്തിന് കാരണമാവുന്ന വാഹനങ്ങള്‍ രക്ഷപ്പെടുന്നു. സമീപകാലത്തുണ്ടായ രണ്ട് യുവാക്കളുടെ മരണവും ഇവിടത്തുകാരെ ഏറെ ഞെട്ടിച്ചിരുന്നു. റോഡിലെ ഡിവൈഡറുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ വ്യാപാരികള്‍ ഉണ്ടെന്നിരിക്കെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. നാഗലശ്ശേരി ഗ്രാമപഞ്ചായത്തും തൃത്താല ബ്ളോക്ക് പഞ്ചായത്തും സ്ഥിതിചെയ്യുന്നിടത്താണ് ഈ മരണപാത. ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകള്‍ കണ്ണ് തുറന്നാല്‍ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.