മലയോരം പുലി ഭീതിയില്‍: വലിയട്ടിയില്‍ പുലിയിറങ്ങി: ഏഴ് ആടുകളെ കൊന്നു

കല്ലടിക്കോട്: മലയുടെ താഴ്വാര പ്രദേശത്തുള്ള ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പുലി ഭീതിയില്‍. കരിമ്പ ഗ്രാമപഞ്ചായത്തിലെ വാക്കോടിനടുത്ത് പറക്കലടി, വലിയട്ടി എന്നീ പ്രദേശങ്ങളിലും പരിസരങ്ങളിലുമാണ് പുലിപ്പേടി വ്യാപകമായിട്ടുള്ളത്. ഒ രാഴ്ചക്കാലമായി അഞ്ചു പേരുടെ മേയാന്‍ വിട്ട ആടുകളെ കാണാതാവുകയും ചില സ്ഥലങ്ങളില്‍ പുലിയുടേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കാണാനിടയാവുകയും ചെയ്ത സംഭവമാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പുലി സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടാന്‍ വഴിയൊരുക്കിയത്. നാട്ടുകാരുടെ പരാതിപ്രകാരം വനാതിര്‍ത്തിയിലും പരിസര പ്രദേശങ്ങളിലും കണ്ടത്തെിയ മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ ബീറ്റ് ഓഫിസര്‍മാരായ പ്രശാന്ത്, നാസര്‍ എന്നിവര്‍ പരിശോധിച്ച് തെളിവെടുത്തു. ഈ കാല്‍പ്പാടുകള്‍ കാടിറങ്ങി വരുന്ന പുലിയുടേതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വലിയട്ടി രാംകോരം കോളനി വാസികള്‍ പുലിയെ നേരില്‍ കണ്ടതായി പറയുന്നുണ്ട്. വലിയട്ടി സുകുമാരി, വടക്കേകാരക്കല്‍ ജോണ്‍ എന്നിവരുടെ രണ്ടാട് വീതവും വടക്കേക്കാരക്കല്‍ ജി.വി. വര്‍ഗീസ്, പടച്ചാല്‍ തോമസ്, വലിയട്ടി പാര്‍വതി എന്നിവരുടെ ഓരോ ആടുകളെയും പുലി കൊന്ന് തിന്നു. പാര്‍വതിയുടെ ആട് ഗര്‍ഭിണിയായിരുന്നു. ഇവയില്‍ ഒരാടിന്‍െറ ജഡാവശിഷ്ടങ്ങള്‍ വനമേഖലയില്‍ കാണപ്പെട്ടിരുന്നു. ആട് നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാറില്‍നിന്ന് കിട്ടുന്നതിനുള്ള അപേക്ഷാഫോറം നല്‍കിയതായി വനപാലകര്‍ പറഞ്ഞു. തീറ്റ ലഭ്യത കുറഞ്ഞതോടെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് പതിവായതെന്നാണ് വിലയിരുത്തല്‍. ഈ മേഖലയിലെ ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗ ശല്യത്തില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.