പ്രതിരോധ വേലി നോക്കുകുത്തി; വന്യമൃഗ ശല്യം രൂക്ഷമാകുന്നു

കല്ലടിക്കോട്: മലയോര മേഖലയില്‍ വന്യമൃഗ ശല്യം തടയാന്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ നോക്കുകുത്തിയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം തടയാന്‍ നിര്‍മിച്ച സൗരോര്‍ജ വേലിയാണ് മേല്‍നോട്ടവും പരിപാലനവുമില്ലാതെ നശിക്കുന്നത്. ഇതോടെ വന്യമൃഗ ശല്യം ജനവാസ മേഖലയില്‍ രൂക്ഷമായിട്ടുണ്ട്. വന മേഖലയോട് ചേര്‍ന്ന് സ്ഥാപിച്ച സൗരോര്‍ജ പ്രതിരോധ വേലി മിക്കയിടങ്ങളിലും കാട്ടു വള്ളികള്‍ പടര്‍ന്ന് പ്രവര്‍ത്തന രഹിതമായി. മൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നാട്ടുകാരുടെ ആവശ്യ പ്രകാരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സൗരോര്‍ജ പ്രതിരോധ വേലി നിര്‍മിച്ചത്. പക്ഷേ, ഇവയുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിനും അറ്റകുറ്റപ്പണിക്കും പ്രത്യേക സമിതികളോ സംവിധാനങ്ങളോ ഇല്ലാത്തത് വിനയായി. വെറും ആറ് മാസം മാത്രമാണ് പ്രതിരോധവേലി കാര്യക്ഷമമായി പ്രവര്‍ത്തിച്ചത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച കുറുമുഖത്തെ സൗരോര്‍ജ പ്രതിരോധ വേലി നാശാവസ്ഥ അഭിമുഖീകരിക്കുന്നത് ഇതിനുദാഹരണമാണ്. രണ്ടാഴ്ചയായി മന്നൂലി, മൂന്നേക്കര്‍, തുടിക്കോട്, കരിമല, പാങ് പ്രദേശങ്ങളില്‍ കാട്ടാനകള്‍ സൈ്വര വിഹാരം തുടരുകയാണ്. അന്തിമയങ്ങിയാല്‍ കാടിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ കൃഷി നശിപ്പിച്ചാണ് കാട് കയറുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കാടിറങ്ങിയ ഇവ കരിമലയിലും പരിസര പ്രദേശങ്ങളിലെ തോട്ടങ്ങളിലെ വാഴ, തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. മണ്ണാര്‍ക്കാട് വസന്ത ലക്ഷ്മി അടക്കം ഏഴിലധികം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചവയില്‍ ഉള്‍പ്പെടും. മാസങ്ങള്‍ക്ക് മുമ്പ് കരിമലയില്‍ വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ പ്രതിരോധ വേലിയും പ്രവര്‍ത്തന രഹിതമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.