പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനൊപ്പം വോട്ടെണ്ണലിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഗവ. വിക്ടോറിയാ കോളജില്‍ നടക്കും. മെയിന്‍ ഓഡിറ്റോറിയത്തില്‍ പാലക്കാട്ടെയും മലയാളം ബ്ളോക്കില്‍ ചിറ്റൂരിലെയും ബോട്ടണി ബ്ളോക്കില്‍ മലമ്പുഴയിലെയും വോട്ടുകളാണ് എണ്ണുക. ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്ന് ഹാളുകളിലായി രാവിലെ എട്ട് മുതല്‍ ആരംഭിക്കും. തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡങ്ങളിലെ വോട്ടുകള്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിലെ വിവിധ ഓഡിറ്റോറിയങ്ങളിലും നടക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ വോട്ടണ്ണല്‍ ഒറ്റപ്പാലത്തെ എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസിലെ വിവിധ ഹാളുകളിലും നടക്കും. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിക്കും. കൗണ്ടിങ് ഏജന്‍റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ ഏഴിന് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തിലാകും വോട്ടെണ്ണല്‍ നടക്കുക. റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്‍റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ക്കാണ് പ്രവേശം. ഒരേസമയം 14 മേശകളിലാണ് വോട്ടെണ്ണല്‍ നടക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ഒരു ടേബ്ളിലേക്ക് ഒരു കൗണ്ടിങ് ഏജന്‍റിനെ നിയമിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.വി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. റിട്ടേണിങ് ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അതത് മണ്ഡലങ്ങളിലെ സ്ട്രോങ് റൂം സൂപ്പര്‍വൈസര്‍മാര്‍ ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ച് വോട്ട് യന്ത്രം ടേബ്ളില്‍ എത്തിക്കും. തുടര്‍ന്ന് സെക്യൂരിറ്റി പരിശോധനകള്‍ നടത്തിയ ശേഷം 14 മേശകളിലായി വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാവും റിട്ടേണിങ് ഓഫിസര്‍ എണ്ണുക. തുടര്‍ന്ന് ബൂത്ത് നമ്പര്‍ ക്രമത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ റൗണ്ട് പൂര്‍ത്തിയാകാന്‍ 30 മിനിറ്റുവരെ സമയം എടുത്തേക്കാം. തുടര്‍ന്ന് കൗണ്ടിങ് വേഗത്തിലാകുമെന്നും 12ന് മുമ്പ് അന്തിമ ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.