കൊടുംചൂടില്‍ പ്രചാരണം; മഴ നനഞ്ഞ് വോട്ടെടുപ്പ്

പാലക്കാട്: വേനല്‍ ചൂടില്‍ ഉരുകിയ പ്രചാരണത്തിനൊടുവില്‍ ജില്ലയില്‍ മഴ നനഞ്ഞ് വോട്ടെടുപ്പ്. 40 ഡിഗ്രിക്ക് മീതെ ഉയര്‍ന്ന കൊടുംചൂടില്‍ വിയര്‍ത്തുള്ള രണ്ടര മാസം നീണ്ട പ്രചാരണം കൊട്ടിക്കലാശിച്ചത് വേനല്‍മഴയോടെയായിരുന്നു. പ്രവചനം പോലെ വോട്ടെടുപ്പ് പൂര്‍ണമായും മഴയില്‍ കുതിര്‍ന്നു. പോളിങ് തുടങ്ങിയത് മുതല്‍ കാലവര്‍ഷത്തിന്‍െറ പ്രതീതി ഉയര്‍ത്തി അന്തരീക്ഷം ഇരുണ്ടു. അധികം വൈകാതെ ചാറ്റല്‍ മഴ പെയ്ത് തുടങ്ങി. മഴ പ്രതീക്ഷിച്ച് കുടകള്‍ കരുതിയാണ് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയത്. വലിയ മഴ വരുന്നതിന് മുമ്പ് വോട്ട് ചെയ്തു പോകണമെന്ന തീരുമാനത്തില്‍ മിക്ക ബൂത്തുകളിലും വീട്ടമ്മമാര്‍ രാവിലെതന്നെ വരികളില്‍ നിറഞ്ഞു. കാലാവസ്ഥ പ്രതികൂലമായിട്ടും രാവിലെ പോളിങ് ശതമാനം ഉയരാന്‍ കാരണമിതാണ്. മാതൃകാ ബൂത്തുകളില്‍ കുടിവെള്ള സൗകര്യമൊരുക്കിയിരുന്നെങ്കിലും ആര്‍ക്കും വെള്ളം വേണ്ടാതായി. കൊടുംചൂട് മുമ്പില്‍ കണ്ടാണ് സ്ത്രീസൗഹൃദ ബൂത്തുകളില്‍ വെല്‍ക്കം ഡ്രിങ്ക് നല്‍കിയിരുന്നത്. മഴയില്‍ അന്തരീക്ഷം തണുത്തതിനാല്‍ വെല്‍ക്കം ഡ്രിങ്കിനും പ്രിയം കുറഞ്ഞു. ഉച്ചയോടെയാണ് ചാറ്റല്‍ മഴക്ക് അല്‍പ്പം ശമനമായത്. അപ്പോഴേക്കും മിക്ക ബൂത്തുകളിലും 50 ശതമാനത്തിന് മേല്‍ പോളിങ് ഉയര്‍ന്നിരുന്നു. മഴ മാറിനിന്നെങ്കിലും ഉച്ചനേരത്ത് പതിവുപോലെ ബൂത്തുകളില്‍ ആളൊഴിഞ്ഞു. പിന്നീട് മൂന്ന് മണിയോടെയാണ് ബൂത്തുകളില്‍ ആളനക്കമുണ്ടായത്. ആറ് വരെ സമയം ദീര്‍ഘിപ്പിച്ചതിനാല്‍ അവസാന മണിക്കൂറുകള്‍ പ്രയോജനപ്പെടുത്തിയവരുമേറെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.