ജില്ലയില്‍ പോളിങ് 76.50 %

പാലക്കാട്: വോട്ടെടുപ്പ് മഴയില്‍ കുതിര്‍ന്നിട്ടും ജില്ലയില്‍ പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധന. 76.5 ശതമാനം പേരാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 75.58 ശതമാനമായിരുന്നു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് നില. ഇതര ജില്ലകളില്‍ 2011ലെ പോളിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങില്‍ വലിയ കുറവ് വന്നപ്പോള്‍ പാലക്കാട് പോളിങ് ചെറിയ തോതില്‍ ഉയരുകയാണുണ്ടായത്. തിളച്ചുമറിയുന്ന ചൂടില്‍ രണ്ടര മാസത്തോളം പ്രചാരണം തുടര്‍ന്നുവന്നിട്ടും പോളിങില്‍ വലിയ വര്‍ധന ഉണ്ടാവാത്തത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പോളിങ് ദിനം രാവിലെ മുതലുള്ള മൂടിക്കെട്ടിയ അന്തരീക്ഷവും വ്യാപകമായി ചാറ്റല്‍ മഴ പെയ്തതും പോളിങ് കുതിപ്പിന് തടസ്സമായി. പരമാവധി വോട്ടര്‍മാരെ ബൂത്തിലത്തെിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിപുലമായ മുന്നൊരുക്കമാണ് നടത്തിയിരുന്നത്. ഇത്തവണ ജില്ലയില്‍ ചൂട് വില്ലനാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വേനല്‍മഴയാണ് പലേടത്തും തിരിച്ചടിയായത്. പകല്‍ മുഴുവന്‍ മഴ തുടര്‍ന്നതിനാല്‍ പ്രതീക്ഷിച്ച വിധം വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയില്ല. സ്ത്രീസൗഹൃദ, മാതൃക ബൂത്തുകളില്‍ ഒരുക്കിയ വിപുലമായ സൗകര്യങ്ങള്‍ വോട്ടര്‍മാര്‍ ഹൃദ്യമായാണ് സ്വീകരിച്ചത്. പഴുതടച്ച സുരക്ഷയും മുന്‍കരുതലുകളും പോളിങ് തികച്ചും സമാധാനപരമാക്കി. സംഘര്‍ഷ മേഖലകളില്‍ പോലും ശാന്തമായാണ് പോളിങ് പുരോഗമിച്ചത്. അട്ടപ്പാടിയില്‍ മാവോവാദികളുടെ ബഹിഷ്കരണാഹ്വാനം ഫലം ചെയ്തില്ല. സായുധ കാവലില്‍ മികച്ച പോളിങാണ് അട്ടപ്പാടിയിലുണ്ടായത്. ജില്ലയില്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെ വ്യാപക തോതില്‍ പ്രശ്നമുണ്ടായില്ല. എല്ലായിടത്തും തകരാര്‍ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.