ഷൊര്‍ണൂര്‍: ജല അതോറിറ്റിയുടെ പ്രധാന സ്രോതസ്സായ ഭാരതപ്പുഴ വറ്റിവരണ്ടതോടെ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. പുഴയുടെ പരമ്പരാഗതമായുള്ള കയങ്ങളില്‍ ചെറിയ തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കിലും കുളിക്കാന്‍ പോലും പറ്റാത്തവിധം മലിനമാണ്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ളതും മറുകരയില്‍ ചെറുതുരുത്തി ടൗണിലെ ഹോട്ടലുകളടക്കമുള്ളവയില്‍നിന്നും വരുന്ന മാലിന്യം നേരെ പുഴയിലേക്കാണ് ഒഴുക്കുന്നത്. ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ജല വിതരണം നടത്താന്‍ അധികൃതര്‍ കുഴങ്ങുകയാണ്. പുഴയിലെ പമ്പിങ് കിണറുകളുടെ വൃഷ്ടിപ്രദേശത്ത് പുഴ വറ്റിയ നിലയിലായതിനാല്‍ വിതരണ സംവിധാനം ആകെ തകരാറിലാണ്. കൊച്ചിപ്പാലത്തിന് കീഴെയുള്ള കയത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇവിടെയാണ് സമീപ പ്രദേശങ്ങളിലുള്ള പരമ്പരാഗതമായ അലക്കുകാരെല്ലാം കൂട്ടത്തോടെയത്തെുന്നത്. കാറ്ററിങ്, ഹോട്ടല്‍, ആശുപത്രി എന്നീ സ്ഥാപനങ്ങളിലുള്ളവരും ഇവിടെ തുണി അലക്കുന്നുണ്ട്. അതിനാല്‍ ഇവിടെ പലരും കുളിക്കാന്‍ പോലും മടിക്കുന്നു. കുളിക്കാനായുള്ള വെള്ളം മണലില്‍ കുഴിയെടുത്താണ് പലരും സംഘടിപ്പിക്കുന്നത്. പുഴയുടെ തീരത്തുള്ള ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ വരുന്നവരും ശേഷക്രിയകള്‍ ചെയ്യാനത്തെുന്നവരും ഈ രീതിയാണ് അവലംബിക്കുന്നത്. സ്ഥിരം തടയണയുടെ നിര്‍മാണം സ്തംഭനാവസ്ഥയില്‍ തുടരുന്നതിനാല്‍ കനത്ത വേനല്‍മഴ ലഭിച്ചില്ളെങ്കില്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.