സ്പ്രൈറ്റില്‍ ഗ്ളൂക്കോസ് കലക്കിയും ഇളനീര്‍ കുടിച്ചും ‘വി.എസുമാര്‍’

ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് മലമ്പുഴ. അത്യുഷ്ണം അതിരുകടന്ന ഉദ്യാന മണ്ഡലത്തില്‍ മുഴുസമയ തെരഞ്ഞെടുപ്പ് പര്യടനം അത്ര എളുപ്പമല്ളെന്ന് മുന്നണികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യന്‍ ഉച്ചിയില്‍ എത്തിയാല്‍ കവലകളില്‍ ആളൊഴിയും. ഉള്‍ഗ്രാമങ്ങളില്‍ ആളുകളെ തരപ്പെട്ടുകിട്ടുക അത്ര എളുപ്പമല്ല. അതിനാല്‍ വെയില് കനക്കും മുമ്പും വെയിലാറിയ ശേഷവുമാണ് പ്രചാരണം. വൈകീട്ട് തുടങ്ങുന്ന കുടുംബയോഗങ്ങള്‍ രാവേറെ ചെല്ലുവോളം നീളുന്നു. പ്രായം 92ലത്തെിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇക്കുറി പതിവിലും കൂടുതല്‍ സമയം മണ്ഡലത്തില്‍ ചെലവഴിക്കുന്നുണ്ട്. ചെന്തെങ്ങിന്‍ ഇളനീരാണ് പ്രധാന ദാഹശമനി. എതിരാളികളുടെ കടന്നുകയറ്റം തടയാന്‍ വി.എസിന്‍െറ നിരന്തര സാന്നിധ്യം അത്യാവശ്യമാണെന്ന തിരിച്ചറിവ് എല്‍.ഡി.എഫിനുണ്ട്. മൂന്നാംഘട്ട പ്രചാരണത്തിന് മണ്ഡലത്തിലത്തെിയ വി.എസും കുടുംബവും ചന്ദ്രനഗറിന് സമീപം വാടകവീടെടുത്താണ് താമസം. ഭാര്യ വസുമതിയും മകന്‍ വി.എ. അരുണ്‍കുമാറും കൂട്ടിനുണ്ട്. പ്രചാരണതിരക്കുകളൊന്നും വി.എസിന്‍െറ പതിവുചിട്ടവട്ടങ്ങളെ ബാധിക്കുന്നില്ല. പുലര്‍ച്ചെ അഞ്ചിന് ഉറക്കമുണരും. 40 മിനിറ്റ് യോഗ. തുടര്‍ന്ന് 20 മിനിറ്റ് നടത്തം. പത്രപാരായണം. പ്രാതലിന് രണ്ട് ഇഡ്ലിയും സാമ്പാറും ചൂടുവെള്ളവും മാത്രം. എട്ട് മണിയോടെ വി.എസ് പ്രചാരണത്തിന് പോകാന്‍ റെഡി. അദ്ദേഹത്തിന്‍െറ പ്രായം കൂടി പരിഗണിച്ചാണ് പ്രചാരണ പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11ന് നിര്‍ത്തുന്ന പര്യടനം വൈകീട്ട് നാലരക്കുശേഷമേ പുനരാരംഭിക്കൂ. രാവിലെയും വൈകീട്ടും മൂന്ന് വീതം കുടുംബയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വി.എസിനെ കാണാനത്തെുന്നവരില്‍ അധികവും വീട്ടമ്മമാര്‍. കൂപ്പുകൈ ഉയര്‍ത്തി പതിവുശൈലിയില്‍ വി.എസിന്‍െറ അഭിവാദ്യം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ. പ്രഭാകരന്‍ ഗ്രാമീണ ഭാഷയില്‍ ലളിതമായി മണ്ഡലത്തില്‍ വി.എസ് ചെയ്ത വികസനം വോട്ടര്‍മാരോട് വിശദീകരിക്കുന്നു. തന്‍െറ ഊഴമത്തെിയതോടെ വി.എസ് ക്ഷീണം വിട്ട് ഊര്‍ജം സംഭരിച്ച് ചുറുചുറുക്കോടെ മൈക്കിന് മുന്നിലേക്ക്. ആരാധനയോടെ വി.എസിനെ കേള്‍ക്കാന്‍ സദസ്സ് അടക്കിപിടിച്ച മൗനത്തില്‍. വി.എസിന്‍െറ സംസാരം വഴിതിരിയുന്നത് രാഷ്ട്രീയ വിഷയങ്ങളിലേക്ക്. വെള്ളാപ്പള്ളിക്കും ബി.ജെ.പിക്കും നേരെയാണ് വി.എസിന്‍െറ കൂരമ്പുകള്‍. ഇടതു ഭരണം വന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്നും എല്ലാവര്‍ക്കും കൃത്യസമയത്ത് പെന്‍ഷന്‍ നല്‍കുമെന്നും വി.എസിന്‍െറ ഉറപ്പ്. ചുരുങ്ങിയ വാക്കുകളില്‍ നര്‍മം കലര്‍ത്തി വോട്ടഭ്യര്‍ഥിച്ച് ഹ്രസ്വഭാഷണം നിര്‍ത്തുന്നു. കുടുംബയോഗം പിരിയുമ്പോള്‍ വി.എസിനെ അടുത്തു കാണാനും കൈപിടിക്കാനും വയോധികരുടേയും വീട്ടമ്മമാരുടേയും തിരക്ക്. ഉച്ചഭക്ഷണത്തിന് വീട്ടിലത്തെുന്ന വി.എസിന് വൈകുന്നേരം വരെ വിശ്രമം. വൈകീട്ട് നാലരക്കുശേഷം രാത്രിവരെയും കുടുംബയോഗങ്ങള്‍. തെരഞ്ഞെടുപ്പ് അങ്കത്തില്‍ കന്നിക്കാരനായ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയിയുടെ പ്രചാരണത്തിന് ചെറുപ്പത്തിന്‍െറ പ്രസരിപ്പുണ്ട്. വിവിധ ജില്ലകളിലെ കെ.എസ്.യു നേതാക്കളാണ് ജോയിയുടെ പ്രചാരണം നിയന്ത്രിക്കുന്നത്. പൈലറ്റ് പ്രാസംഗികരും സഹചാരികളുമെല്ലാം യുവ-വിദ്യാര്‍ഥി നേതാക്കള്‍. അകത്തത്തേറ ശാസ്ത നഗറില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് ജോയിയുടെയും സംഘത്തിന്‍െറയും പ്രവര്‍ത്തനം. സംസ്ഥാന അധ്യക്ഷനെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഊഴമിട്ട് മണ്ഡലത്തിലത്തെുന്നു. നിലമ്പൂര്‍ സ്വദേശിയായ വി.എസ്. ജോയി പ്രചാരണം തുടങ്ങിയശേഷം വീട്ടില്‍ പോയത് ഒരു ദിവസം മാത്രം. കൊടുംചൂടിനെ വെല്ലാന്‍ പലവിധ വിദ്യകള്‍ പയറ്റുന്നുണ്ട് ജോയിയും സംഘവും. സ്പ്രൈറ്റില്‍ ഗ്ളുക്കോസ് കലക്കി കുടിക്കും. ഇളനീര്‍ വണ്ടിയില്‍ കരുതാറുണ്ട്. സംഭാരവും തിളപ്പിച്ചാറ്റിയ വെള്ളവും സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്നതിനാല്‍ വെള്ളംകുടി മുട്ടാറില്ല. ഭക്ഷണം വളരെ കുറവാണ്്. ഏതാനും മാസം മുമ്പ് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ ജോയി ഇടതുകാലില്‍ റാഡുമായാണ് പ്രചാരണത്തിന് ഓടിനടക്കുന്നത്. പരിക്കിന്‍െറ പ്രശ്നങ്ങളില്‍നിന്ന് ഇപ്പോഴും മുക്തനല്ല. റാഡ് നീക്കാന്‍ സമയമായെങ്കിലും സ്ഥാനാര്‍ഥിയായതോടെ ശസ്ത്രക്രിയ മാറ്റി. ദീര്‍ഘമായ നടത്തത്തില്‍ കാലിലെ ഞരമ്പു വലിഞ്ഞതിനാല്‍ ബാന്‍ഡേജ് കെട്ടിയാണ് വീടുകള്‍ കയറുന്നത്. വളരെ താഴ്മയോടെയാണ് വോട്ടഭ്യര്‍ഥന. തനിക്ക് വോട്ടു ചെയ്താന്‍ ഒരിക്കലും ദു$ഖിക്കേണ്ടിവരില്ളെന്നും ഒരവസരം നല്‍കണമെന്നും കാമ്പസ് സ്റ്റൈലില്‍ വോട്ടു തേടല്‍. നിശ്ചയിച്ച സമയത്ത് ഒരിടത്തും പര്യടനം തീര്‍ക്കാനാവില്ല. പ്രഭാത ഭക്ഷണം നിശ്ചയിച്ചിടത്ത് എത്തുമ്പോള്‍ ഉച്ചയാവും. ഇതിനാല്‍ ചൂടുകാലത്തും അല്‍പ്പം വിശ്രമമെന്നത് അസാധ്യമെന്ന് വി.എസ്. ജോയ് പറയുന്നു. മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന്‍െറ പ്രതീതി സൃഷ്ടിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്‍െറ രംഗപ്രവേശം. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ പ്രചാരണത്തില്‍ തുടക്കത്തില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കാന്‍ കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുണ്ട്. എല്‍.ഇ.ഡി വീഡിയോ പ്രദര്‍ശനമടക്കം നവീന പ്രചാരണ സംവിധാനങ്ങളുടെ അകമ്പടിയിലാണ് പര്യടനം കനക്കുന്നത്. ചൂടിനെ വെല്ലാന്‍ കൃഷ്ണകുമാറും കൂട്ടരും പ്രചാരണം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. അതിരാവിലെയാണ് ഗൃഹസന്ദര്‍ശനങ്ങള്‍. വൈകീട്ട് തുടങ്ങി രാത്രി വരെ നീളുന്ന കുടുംബയോഗങ്ങള്‍. വിവാഹ, മരണവീടുകളില്‍ എല്ലായിടത്തും സ്ഥാനാര്‍ഥി എത്തുന്നു. പ്രമുഖ വ്യക്തികളെ കണ്ട് വേട്ടുതേടാനും കൃത്യമായ സമയം നിശ്ചയിച്ചാണ് നീക്കം. പരമാവധി വെള്ളംകുടിച്ച് വേനലിനെ തോല്‍പ്പിക്കാമെന്നാണ് കൃഷ്ണകുമാറിന്‍െറ പക്ഷം. പ്രചാരണ ആവേശത്തില്‍ വേനല്‍ചൂട് അറിയുന്നില്ളെന്നും അദ്ദേഹം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.