തൃത്താല: അരും കൊലചെയ്യപ്പെട്ട ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പട്ട് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. വെള്ളിയാങ്കല്ലിലെ പുഴയോരത്ത് നടന്ന പീപ്പ്ള്‍സ് അസംബ്ളിയില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും അണിചേര്‍ന്ന് മെഴുകുതിരി തെളിയിച്ചു. ഒറ്റപ്പെട്ട വ്യക്തികള്‍ അനുഭവിക്കുന്ന സ്വാസ്ഥ്യം ഒരു മിഥ്യാധാരണയാണെന്ന് പ്രഫ. പി. ഗംഗാധരന്‍ പറഞ്ഞു. വ്യക്തികളെ ഒറ്റപ്പെടുത്തുകയും ഒന്നിനോടും പ്രതികരിക്കാത്തവരാക്കുകയും ചെയ്യുന്നത് മൂലധന താല്‍പര്യമാണെന്നും പേരാവൂരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിശപ്പു കൊണ്ടാണെന്നും അതുപോലുള്ള രോദനങ്ങള്‍ നമ്മുടെ സമൂഹം കൂട്ടായി തിരിച്ചറിയേണ്ടതും പ്രതികരിക്കേണ്ടതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ കൂട്ടായ്മ വേണ്ടത്ര കേരളത്തില്‍ ഉണ്ടാവുന്നില്ളെന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകന്‍ എം.ജി. ശശി പറഞ്ഞു. കലാകാരന്മാരും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും തെരുവിലിറങ്ങേണ്ട കാലമാണിതെന്നും പുരുഷ മേധാവിത്വമുള്ള ഈ സമൂഹത്തിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടണമെന്നും സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ഒത്തുചേരലുകള്‍ ഒരു തുടര്‍ച്ചയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ പട്ടാമ്പി, എം. പ്രദീപ്, അനൂപ് ചാലിശ്ശേരി, ആര്‍ട്ടിസ്റ്റ് അജയന്‍, കെ.ടി. ജയന്‍, കൃഷ്ണദാസ്, എം. ശ്രീജിത്ത്, നയന ദാസ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്ത ടീച്ചര്‍, മുന്‍ വൈസ് പ്രസിഡന്‍റ് പി.കെ. ചെല്ലുക്കുട്ടി, അഡ്വ. വി. രാജേഷ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജില്ലാ പ്രസിഡന്‍റ് എം.എം. പരമേശ്വരന്‍, ഗോപു പട്ടിത്തറ, ഓസ്റ്റിന്‍ കോഞ്ചിറ, പി.വി. ഷെബി, പി.കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.