മോദിയുടെ സന്ദര്‍ശനം: നഗരം വന്‍ സുരക്ഷാ വലയത്തില്‍

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാലക്കാട് നഗരം പൊലീസിന്‍െറ കനത്ത സുരക്ഷാ വലയത്തില്‍. എന്‍.ഡി.എ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.50നാണ് മോദി മേഴ്സി കോളജ് മൈതാനത്ത് ഇറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്‍റ് അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിക്കും. 1.55ന് കോളജില്‍നിന്ന് പുറപ്പെടും. രണ്ട് മണിക്ക് കോട്ടമൈതാനത്തെ വേദിയിലത്തെും. 2.05 മുതല്‍ 2.20 വരെ 15 മിനിറ്റ് പ്രസംഗം. തുടര്‍ന്ന് 2.25ന് തിരിച്ച് മേഴ്സി കോളജ് മൈതാനത്തേക്ക്. 2.30ന് കോയമ്പത്തൂരിലേക്ക് മടക്കം. രണ്ട് കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ജില്ലാ പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ റൂട്ട് റിഹേഴ്സല്‍ വ്യാഴാഴ്ച ഉച്ചക്കുശേഷം നടന്നു. ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍െറ മേല്‍നോട്ടത്തില്‍ ഉത്തരമേഖല എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, തൃശൂര്‍ റെയ്ഞ്ച് ഐ.ജി അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കുന്നത്. 2000 പൊലീസുകാരെ സുരക്ഷക്ക് നഗരത്തില്‍ വിന്യസിച്ചു. വേദിയുടെയും ഹെലിപ്പാഡിന്‍െറയും നിയന്ത്രണം സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് (എസ്.പി.ജി) ഏറ്റെടുത്തു. എസ്.പി.ജി ഐ.ജിയും രണ്ട് അഡീ. എസ്.പിമാരുമാണ് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്. കോട്ടമൈതാനത്തെ വേദിയും പരിസരവും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ പ്രധാനമന്ത്രി മടങ്ങുന്നതുവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.