ഡാമുകളിലെ ജലനിരപ്പ് അടിത്തട്ടില്‍; കുടിവെള്ളത്തിന് നെട്ടോട്ടം

പാലക്കാട്: വേനല്‍ കനത്തതോടെ ഗ്രാമങ്ങള്‍ കുടിവെള്ളക്ഷാമത്തിന്‍െറ പിടിയില്‍. കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ചുള്ളിയാര്‍, മീങ്കര ഡാമുകളിലെ ജലനിരപ്പ് അടിത്തട്ടിലത്തെി. മലമ്പുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നു. മാര്‍ച്ച് പകുതിയായതോടെ കിഴക്കന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തി. മുന്‍കാലങ്ങളിലേതിന് സമാനമായി ഡാമുകളില്‍നിന്ന് കനാലിലേക്ക് വെള്ളം തുറന്നുവിട്ട് കുളങ്ങളും കിണറുകളും നിറക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മണ്‍സൂണ്‍ മോശമായതാണ് ഇത്തവണ വേനല്‍ കനക്കാന്‍ കാരണം. മാര്‍ച്ച് ആദ്യംതന്നെ ജില്ലയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുതലമട പഞ്ചായത്തിലെ തിരിഞ്ഞ കൊളുമ്പ്, നായ്ക്കന്‍ചള്ള, പത്തിച്ചിറ, മേലെ പതിച്ചിറ ലക്ഷംവീട് കോളനി, കള്ളിയാമ്പാറ എന്നിവിടങ്ങളിലും കൊല്ലങ്കോട് പഞ്ചായത്തിലെ പാറക്കളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കുടിവെള്ളമില്ല. മലമ്പുഴ ഡാം തുറന്നുവിട്ടെങ്കിലും ഭാരതപ്പുഴയില്‍ നീരൊഴുക്ക് വളരെ സാവധാനമാണ്. വെള്ളിയാങ്കല്ല് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പട്ടാമ്പിക്കിപ്പുറം ഓങ്ങല്ലൂര്‍ മുതല്‍ ഒറ്റപ്പാലം വരെയുള്ള കുടിവെള്ള പദ്ധതികളെല്ലാം ആശ്രയം മലമ്പുഴയില്‍നിന്ന് തുറന്നുവിടുന്ന വെള്ളമാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കടുത്ത ചൂടില്‍ ജില്ല തിളച്ചുമറിയുകയാണ്. പട്ടാമ്പിയില്‍ തിങ്കളാഴ്ച കൂടിയ ചൂട് 37.2 ഡിഗ്രി സെല്‍ഷ്യസും മലമ്പുഴയില്‍ കൂടിയ ചൂട് 38.9 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. കാര്‍ഷിക മേഖല കരിഞ്ഞുണങ്ങുന്നു ഒറ്റപ്പാലം: കനലെരിയും കുംഭച്ചൂടില്‍ കാര്‍ഷിക മേഖല വാടിത്തളരുന്നു. അത്യുഷ്ണം പാല്‍ ഉല്‍പ്പാദനത്തേയും സാരമായി ബാധിച്ചതോടെ ക്ഷീര കര്‍ഷകര്‍ ദുരിതത്തിലായി. വിഷു വിപണി ലക്ഷ്യമിട്ട പച്ചക്കറികൃഷിയും പാടശേഖരങ്ങളില്‍ ഇറക്കിയ വാഴകൃഷിയുമാണ് പൊരിവെയിലില്‍ കരിയുന്നത്. വേനല്‍ ആരംഭത്തില്‍ ചൂടിന്‍െറ കാഠിന്യം ഉയര്‍ന്ന തോതിലായത് അമിത ചെലവിട്ട് വിള ഇറക്കിയ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ചെറുതും വലുതുമായ കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തിയായി മാറിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഭാരതപ്പുഴയില്‍ നീരൊഴുക്കില്ലാതായതോടെയാണ് ഈ പ്രതിസന്ധി. മലമ്പുഴ വെള്ളം തുറന്നുവിട്ട് നാലഞ്ചു നാളായെങ്കിലും വെള്ളം ഒറ്റപ്പാലത്തേക്ക് കടന്നിട്ടില്ല. ജലസംഭരണത്തിന് കുറ്റമറ്റ സംവിധാനങ്ങളും തടയണയുമില്ലാത്ത ഒറ്റപ്പാലത്ത് വെള്ളമത്തെിയാല്‍തന്നെ ജല ശേഖരണം അസാധ്യമാണ്. അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത മീറ്റ്ന കേന്ദ്രീകരിച്ച സമഗ്ര കുടിവെള്ള പദ്ധതിയും ജല ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലാണ്. പുഴ കേന്ദ്രീകരിച്ച് സമീപ പഞ്ചായത്തുകളിലേക്ക് വിതരണം നടത്തുന്ന പ്രക്രിയയും ഇതോടെ അവതാളത്തിലായി. കുളിക്കാനും അലക്കാനും ശേഷിക്കുന്ന അപൂര്‍വം കുളങ്ങളിലെ വെള്ളം കൃഷി ആവശ്യത്തിന് നനക്കുന്നതിനെതിരെ വിലക്കുമായി പ്രദേശ വാസികളും രംഗത്തു വരുന്നുണ്ട്. കറവപ്പശുക്കളില്‍നിന്ന് കിട്ടുന്ന പാല്‍ ഗണ്യമായ തോതില്‍ കുറയാന്‍ കാരണം കൊടും ചൂടാണെന്നും വരുമാനക്കമ്മി നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കിയതായും ക്ഷീര കര്‍ഷകര്‍ പറയുന്നു. ഉല്‍പാദന കമ്മി മേഖലയിലെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലെ പാല്‍ സംഭരണ കണക്കുകളിലും പ്രകടമാണ്. കുംഭത്തില്‍ പതിവുള്ള വേനല്‍ മഴയുടെ ലക്ഷണമൊന്നുമില്ലാത്തതും അനുദിനം ചൂട് കൂടുന്നതും മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.