കുടിവെള്ളം തേടി ജനം; കണ്ണടച്ച് അധികൃതര്‍

ഷൊര്‍ണൂര്‍: ജനപ്രതിനിധികളുടെ അലംഭാവവും നഗരസഭയുടെ കെടുകാര്യസ്ഥതയും ഷൊര്‍ണൂരിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. കുടിവെള്ളത്തിനായി ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ട ദുരവസ്ഥയിലാണിപ്പോള്‍ ഷൊര്‍ണൂറുകാര്‍. ഷൊര്‍ണൂരില്‍ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തെങ്കിലും ഒന്നും നടന്നില്ല. എട്ടുവര്‍ഷം മുമ്പ് ഭാരതപ്പുഴയില്‍ കൊച്ചിപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിരംതടയണ നിര്‍മാണം ആരംഭിച്ചിരുന്നു. ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെ ആരംഭിച്ച പ്രവൃത്തി രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അടിത്തറ നിര്‍മാണം പാതിയായപ്പോഴേക്കും പ്രവൃത്തി സ്തംഭിച്ചു. പദ്ധതി സ്തംഭിക്കുമെങ്കിലും അധികൃതര്‍ എല്ലാവര്‍ഷവും എസ്റ്റിമേറ്റ് തുക കൂട്ടുന്നതില്‍ അലംഭാവും കാണിച്ചില്ല. അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി ഇപ്പോള്‍ 15 കോടിയിലും പൂര്‍ത്തികാത്ത സ്ഥിതിയിലാണ്. എസ്റ്റി വര്‍ധിച്ചതോടെ ഭരണാനുമതി നല്‍കാനാകാതെ ധന വകുപ്പും കുഴങ്ങി. ഇതോടെ പദ്ധതിയുടെ തുടര്‍പ്രവൃത്തി അവതാലത്തിലായി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ നഗരസഭ, വാണിയംകുളം, വല്ലപ്പുഴ പഞ്ചായത്തുകള്‍, തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍, ദേശമംഗലം പഞ്ചായത്തുകള്‍ക്ക് നേരിട്ട് ഗുണകരമാവുന്നതാണ് പദ്ധതി. എന്നിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കാര്യമായ ശ്രമങ്ങളില്ല. ഇപ്രാവശ്യം വേനലരംഭിച്ചപ്പോള്‍ തന്നെ പുഴയില്‍ വെള്ളം ഗണ്യമായി കുറഞ്ഞുതുടങ്ങി. തുലാവര്‍ഷവും കിഴക്കന്‍ മഴയും ലഭിക്കാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. ആദ്യം ഒന്നിടവിട്ട ദിവസങ്ങളില്‍ ജല വിതരണം നിയന്ത്രിച്ച ജല അതോറിറ്റിക്കാര്‍ ഇപ്പോള്‍ മൂന്ന് ദിവസം കൂടുമ്പോഴാണ് ജല വിതരണം നടത്തുന്നത്. ഫലത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും കുടിവെള്ളം ലഭിക്കാതെ പൊറുതിമുട്ടിയിരിക്കുകയാണ് ഷൊര്‍ണൂരിലെ ജനങ്ങള്‍. 110 കുതിര ശക്തിയുള്ള രണ്ട് മോട്ടോറുകള്‍ ജല അതോറിറ്റിക്കുണ്ടെങ്കിലും പുഴയിലെ ജലക്ഷാമം മൂലം ഇവയില്‍ ഒന്ന് ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല. വെള്ളം ലഭിക്കാത്തത് വ്യാപാരികളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മലമ്പുഴ ഡാം തുറന്നുവിടണമെന്ന് ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് നഗരസഭ. നിലവിലെ സ്ഥിതിയില്‍ ഡാം തുറന്നുവിടാനുള്ള സാധ്യത കുറവാണ്. തടയണകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തിയും മറ്റും രണ്ടിടങ്ങളില്‍ നടക്കുന്നതിനാല്‍ പ്രയോഗികമായി ഇത് സാധ്യമല്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ മലമ്പുഴയിലെ വെള്ളമത്തെിയാല്‍ തന്നെ രണ്ടോ മൂന്നോ ദിവസം മാത്രമേ അത് നിലനില്‍ക്കുകയുള്ളൂ. ടാങ്കര്‍ ലോറിയില്‍ വെള്ളം വിതരണം ചെയ്യാനുള്ള നീക്കമാണ് മറ്റൊന്ന്. അഴിമതി നടത്താനുള്ള എളുപ്പവഴിയായതിനാല്‍ തദ്ദേശ ഭരണാധികാരികള്‍ ഈ വഴിയാണ് കാര്യമായി അവലംഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.