ഭക്തലഹരിയില്‍ മഹാ ശിവരാത്രി ആഘോഷം

പട്ടാമ്പി: പാപമുക്തിക്കായി ഭക്തജനങ്ങള്‍ വിശിഷ്ട കര്‍മങ്ങളില്‍ ആവേശ പൂര്‍വ്വം പങ്കു ചേര്‍ന്നപ്പോള്‍ മഹാശിവരാത്രി ആഘോഷം ക്ഷേത്രസന്നിധികളില്‍ വര്‍ണാഭമായി. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷത്തിന്‍െറ ഭാഗമായി പൂജകളും ദീപംതെളിക്കലും മറ്റു പരിപാടികളും നടന്നു. കൊപ്പം പുന്നറ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിയുടെ ഭാഗമായി നടന്ന ലക്ഷംദീപ ജ്വലനത്തിന് തന്ത്രി ഈക്കാട്ടുമന നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ആദ്യതിരി തെളിയിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളും ദീപജ്വലനത്തില്‍ പങ്കാളികളായി. രാത്രി സാംസ്കാരിക സന്ധ്യ, സമാദരണം, കലാപരിപാടികള്‍ എന്നിവ നടന്നു.എടപ്പലം ശിവക്ഷേത്രത്തില്‍ വൈകീട്ട് ലക്ഷംദീപ സമര്‍പ്പണം നടന്നു. തന്ത്രി ചിറ്റാരി പാലക്കോള്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി ചന്ദ്രന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ആദ്യദീപം തെളിയിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കൃഷ്ണന്‍ നായര്‍, രാമകൃഷ്ണന്‍, സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, ബാലു, സതീഷ്കുമാര്‍, രാമന്‍, ഉഷ, അജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവേഗപ്പുറ മഹാദേവക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ശീവേലി എഴുന്നള്ളിപ്പും വൈകീട്ട് കാഴ്ച ശീവേലി എഴുന്നള്ളിപ്പും നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. ശിവരാത്രി പൂജ, സന്ധ്യവേല, തായമ്പക, വിളക്കിനെഴുന്നളളിപ്പ് എന്നിവയും ഉണ്ടായിരുന്നു. കുലുക്കല്ലൂര്‍ പെരുംതൃക്കോവിലില്‍ മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, സഹസ്രനാമജപം, നൃത്തനൃത്തൃങ്ങള്‍, നാടകം എന്നിവ നടന്നു. ആനക്കര: തൃത്താല മേഖലയിലെ ശിവക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ തന്നെ നല്ല തിരക്കായിരുന്നു. ആനക്കര ശിവക്ഷേത്രത്തില്‍ രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഉച്ചക്ക് അന്നദാനം, ഉച്ചക്ക് ശേഷം മേളത്തോടെ എഴുന്നള്ളിപ്പ്, രാത്രിയില്‍ തായമ്പക, കൊമ്പ്, കുഴല്‍ പറ്റ്, നൃത്തനൃത്ത്യങ്ങള്‍, പുലര്‍ച്ചെ എഴുന്നള്ളിപ്പ് എന്നിവയോടെ സമാപനമായി. നയ്യൂര്‍ നെയ്യോട്ടില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജ, രാത്രിയില്‍ തായമ്പക, വിവിധ കലാപരിപാടികള്‍ എന്നിവയോടെ സമാപനമായി. കൂടല്ലൂര്‍ മുത്തുവിളയുംകുന്ന് ശിവക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍പൂജകളോടെ തുടക്കമായി. വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കൊടിവരവുകള്‍, തെയ്യം, തിറ, പൂതന്‍, ശിങ്കാരിമേളം, നാസിക്ഡോള്‍, കരിങ്കാളി, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, രാത്രിയില്‍ തായമ്പക, ബാലെ എന്നിവയോടെ സമാപനമായി. ശുകപുരം ചമ്പ്രമാണം ശിവക്ഷേത്രത്തില്‍ ഗണപതിഹോമം, ഉഷപൂജ, പറനിറപ്പ്, ശുകപുരം ഭജന സമിതിയുടെ ഭജന, അന്നദാനം, മേളത്തോടെ എഴുന്നള്ളിപ്പ്, ഭക്തിപ്രഭാഷണം, തിരുവാതിരകളി, ചൈനീസ് വെടിക്കെട്ട്, തിരുവാതിരക്കളി, കഥകളി, ഭക്തിഗാനമേള, നൃത്തനൃത്യങ്ങള്‍, കരേക്കെ ഗാനമേള, തായമ്പക എന്നിവ നടന്നു. കുറ്റിപ്പാല വേദാപുരം ശിവക്ഷേത്രത്തില്‍ രാവിലെ അഞ്ച് മണിമുതല്‍ വൈകുന്നേരം ദീപാരാധന വരെ ശിവനാമകീര്‍ത്തനാലാപനം, കെ.വി. രാമന്‍കുട്ടിയുടെ പ്രഭാഷണം, കരിയന്നൂര്‍ ചെറിയവാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നവകം, പഞ്ചഗവ്യം വലിയധാര, തായമ്പക എന്നിവ നടന്നു. തണ്ണീര്‍ക്കോട് ശിവക്ഷേത്രം, പൂക്കറത്തറ തളി ശിവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷിച്ചു. പൂക്കരത്തറയില്‍ രാവിലെ നിര്‍മാല്യ ദര്‍ശനത്തോടെ തുടക്കമായി. തുടര്‍ന്ന് ധാര, ഗണപതിഹോമം, മലര്‍നിവേദ്യം, ഉച്ചപൂജ, പന്തീരടിപൂജ, ഉച്ചക്ക് ശേഷം കാഴ്ച്ചശീവേലി, എഴുന്നള്ളിപ്പിന് ശേഷം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊടിവരവുകള്‍, ചുറ്റുവിളക്ക് തെളിയിക്കല്‍, രാത്രിയില്‍ ശിവരാത്രിപൂജ, ശുകപുരം രഞ്ജിത്തിന്‍െറ തായമ്പക, അത്താഴ പൂജ, വിളക്കിനെഴുന്നള്ളിപ്പ്, മാജിക്ക് ഷോ എന്നിവയോടെ സമാപനമായി. തിരുമാണിയൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഭക്തിസാന്ദ്രമായി. രാവിലെ ഗണപതിഹോമത്തോടെ തുടക്കമായി. ഉഷപൂജ, ശീവേലി എഴുന്നള്ളിപ്പ്, നവകം, പഞ്ചഗവ്യാഭി, കലാമണ്ഡലം വിന്ദുജമേനോന്‍െറ ഓട്ടന്‍തുള്ളല്‍, ഉച്ചക്ക് അന്നദാനം, ഉച്ചക്ക് ശേഷം മേളത്തോടെ എഴുന്നള്ളിപ്പ്, വൈകീട്ട് പന്തീരായിരം തിരിതെളിയിക്കല്‍, കേളി, കൊമ്പ്, കുഴല്‍, പറ്റ്, രാത്രിയില്‍ ചാക്യാര്‍കൂത്ത്, ഭക്തിഗാനസുധ, ഡബ്ള്‍ തായമ്പക, നൃത്തനൃത്യങ്ങള്‍ എന്നിവ നടന്നു ചെര്‍പ്പുളശ്ശേരി: പന്നിയംകുറുശ്ശി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലക്ഷം ദീപകാഴ്ചയൊരുക്കി. തന്ത്രി അഴകത്ത് ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. കുളക്കാട് പകരാവൂര്‍ ശിവക്ഷേത്രത്തിലും ലക്ഷം ദീപക്കാഴ്ചയൊരുക്കി. വീരമംഗലം കാക്കര്‍ശ്ശി ശിവക്ഷേത്രം, കാറല്‍മണ്ണ തിരുമുല്ലപുള്ളില്‍ മഹാദേവക്ഷേത്രം, വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവ ക്ഷേത്രം, എഴുവന്തല ഹരിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.