ജീവനക്കാര്‍ കുറവ്; കോട്ടത്തറ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു

അഗളി: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവരുടെ കുറവാണ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രയാസകരമാക്കിയത്. ദിനംപ്രതി 150 മുതല്‍ 500ഓളം രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. ചില ഡോക്ടര്‍മാര്‍ അഗളിയിലും മറ്റു പ്രദേശങ്ങളിലും സ്വകാര്യ ക്ളിനിക്കുകള്‍ ആരംഭിച്ച് കൂടിയ തോതില്‍ പണം ഈടാക്കി ചികിത്സ നടത്തുന്നതായി ആരോപണമുണ്ട്. നേത്ര ശസ്ത്രക്രിയക്കുള്ള തിയറ്റര്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അട്ടപ്പാടിയില്‍ സേവനം നടത്താന്‍ എത്തുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ശമ്പളത്തിന് പുറമെ 20 ശതമാനം അധിക വേതനം നല്‍കുന്നുണ്ട്. 56 ബെഡുകള്‍ മാത്രമേ ആശുപത്രിയിലുള്ളൂ. കഴിഞ്ഞ ദിവസം ഐ.പിയില്‍ ചികിത്സ തേടിയത് 108 പേരാണ്. ഞായറാഴ്ചകളില്‍ ഡ്യൂട്ടിയില്‍ വേണ്ട ഡേക്ടര്‍മാര്‍ പോലും ഒ.പികളില്‍ എത്താത്തത് രോഗികളെ കുഴക്കി. അഡ്മിറ്റ് ചെയ്യുന്ന രോഗികളെ വരാന്തയില്‍ വരെ കിടത്തിയാണ് പരിശോധന നടത്തുന്നത്. കോടികണക്കിന് രൂപ ആശുപത്രിക്ക് വേണ്ടി ചെലവഴിച്ചിട്ടും ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍േറയും കുറവ് മൂലം പ്രവര്‍ത്തനം മുടന്തുകയാണെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.