ഇറക്കുമതി തീരുവ പിന്‍വലിച്ചത് തിരിച്ചടിയായി: രക്ഷയില്ലാതെ റബര്‍ കര്‍ഷകര്‍; മലയോരത്തിന് വറുതിക്കാലം

കല്ലടിക്കോട്: റബര്‍ ഇറക്കുമതി തീരുവ പിന്‍വലിച്ചത് മലയോര കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി കൂട്ടുമെന്ന് ആശങ്ക പടരുമ്പോള്‍ റബര്‍ നഴ്സറി വിപണിയിലും പ്രതീക്ഷ നഷ്ടമാവുന്നു. ഉല്‍പാദനക്കുറവും പ്രകൃതിക്ഷോഭങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ക്കു പിറകെ വിലയിടിവിന്‍െറ പ്രത്യാഘാതങ്ങള്‍ ഒരു വര്‍ഷത്തോളമായി ഈ മേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്നു. നാടന്‍ കാര്‍ഷിക വിളകളും ഭക്ഷ്യവിളകളും ഒഴിവാക്കി നാണ്യ വിളകളിലേക്ക് അഭയം പ്രാപിച്ച കര്‍ഷകര്‍ വിലയിടിവിന്‍െറ വിഷമസന്ധിയിലാണിപ്പോള്‍. ഇടക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ വില സ്ഥിരതാ ഫണ്ടിന് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. വില ചെറുതായി കൂടിയപ്പോള്‍ റബറിന്‍െറ ഇല പൊഴിയുന്ന സീസണായിരുന്നു. തോട്ടങ്ങളില്‍ നിര്‍ത്തി വെച്ച ടാപ്പിങ് ഇനിയും പുനരാരംഭിച്ചിട്ടില്ല. നിരവധി തൊഴിലാളികള്‍ക്ക് ഇതു കാരണം തൊഴില്‍ നഷ്ടപ്പെട്ടു. ചിലയിടങ്ങളില്‍ പ്രതിസന്ധി അതിജീവിക്കന്‍ തോട്ടങ്ങളിലെ റബര്‍ വെട്ടി മാറ്റി മറ്റ് വിളകള്‍ കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ നഴ്സറി മേഖലയില്‍ വില്‍പനയിലുണ്ടായ ഉണര്‍വ് പോലും കെടുത്തുന്നതാണ് ഇറക്കുമതിയിലെ ഉദാരവത്കരണമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റബറിനെ ആശ്രയിച്ചു കഴിയുന്ന മലയോര ഗ്രാമങ്ങളിലെ പ്രതിസന്ധി തൊഴില്‍ രഹിതരുടെ എണ്ണം ഇനിയും വര്‍ധിക്കാനിടയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.