കുനിയമുത്തൂരില്‍നിന്ന് പുതിയ ബൈപാസ് റോഡിന് 11.83 കോടി

കോയമ്പത്തൂര്‍: കുനിയമുത്തൂരില്‍നിന്ന് പുതുതായി നിര്‍മിക്കുന്ന ബൈപാസ് റോഡ് നിര്‍മാണത്തിന് 11.83 കോടി രൂപ അനുവദിച്ചു. പാലക്കാട്, പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ആത്തുപ്പാലം മാര്‍ഗം മാത്രമാണുള്ളത്. രണ്ട് വര്‍ഷം മുമ്പ് പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍നിന്ന് കോവൈപുതൂര്‍, പുട്ടുവിക്കി വഴി 15 കോടി രൂപ ചെലവില്‍ ബൈപാസ് റോഡ് നിര്‍മിച്ചിരുന്നു. പ്രസ്തുത റോഡ് ഉക്കടം-ശെല്‍വപുരം ബൈപാസ് റോഡിലാണ് ചെന്നത്തെുക. 165 കോടി രൂപ ചെലവില്‍ ആത്തുപ്പാലം-ഉക്കടം മേല്‍പാല നിര്‍മാണം തുടങ്ങാനിരിക്കെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് കുനിയമുത്തൂരില്‍നിന്ന് പുതിയ ബൈപാസ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുനിയമുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എതിര്‍ഭാഗത്തുള്ള കുറിച്ചി കുളത്തിലേക്കുള്ള കനാല്‍ ബണ്ട് ബലപ്പെടുത്തി ഏഴ് മീറ്റര്‍ അകലത്തില്‍ 2.2 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റോഡ് പുട്ടുവിക്കി റോഡിലാണ് എത്തിച്ചേരുക. കുറിച്ചി കനാല്‍ വൃത്തിയാക്കി ബണ്ട് ശക്തിപ്പെടുത്തുന്ന ജോലി ഇതിനകം ആരംഭിച്ചതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ആത്തുപ്പാലം-കരിമ്പുക്കട ഭാഗത്തെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.