ചാനല്‍ റിപ്പോര്‍ട്ടര്‍ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

പാലക്കാട്: ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് പരിചയപ്പെടുത്തി സ്വകാര്യ സ്റ്റുഡിയോയില്‍നിന്ന് കാമറയുമായി മുങ്ങിയ യുവാവ് പിടിയില്‍. പൊല്‍പുള്ളി സ്വദേശി കൃഷ്ണപ്രസാദിനെയാണ് (29) ടൗണ്‍ നോര്‍ത് സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്. മേയ് 24നായിരുന്നു സംഭവം. തമിഴിലെ ‘പുതുതലൈമുറൈ’ ചാനല്‍ റിപ്പോര്‍ട്ടറെന്ന് പരിചയപ്പെടുത്തി നഗരത്തിലെ ദേവി സ്റ്റുഡിയോയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന മൂന്ന് കാമറകള്‍ ദിവസവാടകക്ക് വാങ്ങുകയായിരുന്നു. ആദ്യ മൂന്നുദിവസം വാടക കൃത്യമായി എത്തിച്ചെങ്കിലും, പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് സ്റ്റുഡിയോ ഉടമ നോര്‍ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൃഷ്ണപ്രസാദിനെ ‘പുതുതലൈമുറൈ’ ചാനല്‍ ഒരു വര്‍ഷംമുമ്പ് പുറത്താക്കിയതാണ്. അതിനുശേഷം വ്യാജ ഐ.ഡി കാര്‍ഡും മൈക്ക് ഐ.ഡിയും നിര്‍മിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. മലമ്പുഴയിലും തിരുവനന്തപുരത്തും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഓരോ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും സമാനരീതിയില്‍ കോയമ്പത്തൂരിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മധുരയിലെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നാണ് പിടികൂടിയത്. നിരവധി ചാനലുകളുടെ ഐ.ഡി കാര്‍ഡുകളും മൈക്ക് ഐ.ഡിയും പിടികൂടി. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ടൗണ്‍ നോര്‍ത് സി.ഐ കെ.ആര്‍. ബിജു, എസ്.ഐ ടി.സി. മുരുകന്‍, സീനിയര്‍ സി.പി.ഒ വിശ്വനാഥന്‍, ക്രൈം സ്ക്വാഡംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.