ഡാമുകളിലെ ജലനിരപ്പുയര്‍ന്നില്ല: മഴയുടെ പിന്മാറ്റത്തില്‍ ആശങ്ക

പാലക്കാട്: മണ്‍സൂണ്‍ ഒരാഴ്ച പിന്നിട്ടിട്ടും ഡാമുകളിലെ ജലനിരപ്പില്‍ വലിയ വര്‍ധന ഉണ്ടായില്ല. മഴയുടെ ശക്തി കുറഞ്ഞതോടെ കര്‍ഷകര്‍ക്കിടയില്‍ ആശങ്കയേറി. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പിന്‍വാങ്ങി നില്‍ക്കുന്നത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മലമ്പുഴ ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ജലനിരപ്പില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. പ്രവചനങ്ങള്‍ക്ക് അനുസരിച്ചുള്ള മഴ ലഭിക്കാത്തത് ജലസേചന വകുപ്പ് അധികൃതര്‍ക്കിടയിലും ആശങ്ക ജനിപ്പിച്ചു. ആളിയാറില്‍ കാര്യമായ മഴ ലഭിക്കാത്തത് രണ്ടാം സീസണിലെ ചിറ്റൂര്‍ പുഴയിലേക്കുള്ള വെള്ളത്തിന്‍െറ ലഭ്യതക്ക് തടസ്സമാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മലമ്പുഴ ഡാമില്‍ ചൊവ്വാഴ്ച 100.61 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് ഒരാഴ്ചയോളം മഴ പെയ്തിട്ടും ഡാമിലേക്ക് കാര്യമായ നീരൊഴുക്ക് ഉണ്ടായിട്ടില്ളെന്ന് അധികൃതര്‍ പറയുന്നു. പോത്തുണ്ടിയിലും മംഗലത്തും ജലനിരപ്പില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. പോത്തുണ്ടിയില്‍ 93.26 മീറ്ററും മംഗലത്ത് 71.50 മീറ്ററുമാണ് ജലനിരപ്പ്. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലും ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. പറമ്പിക്കുളം ഡാമില്‍ 1761.88 അടിയും തൂണക്കടവ് 1753.8 അടിയും പരിവാരിപ്പള്ളത്ത് 1753.8 അടിയുമാണ് ജലനിരപ്പ്. തിരുമൂര്‍ത്തിയില്‍ 1296.48ഉം ലോവര്‍ നീരാറില്‍ 3311.31 അടിയും കേരള ഷോളയാറില്‍ 2586.6 അടിയുമാണ് ജലനിരപ്പ്. ആളിയാര്‍ ഡാമിലെ പരമാവധി ജലനിരപ്പ് 1050 അടിയാണ്. മഴയില്ലാത്തതിനാല്‍ ആളിയാറില്‍ ജലനിരപ്പ് 1012 അടി മാത്രമേ എത്തിയിട്ടുള്ളു. ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇതനുസരിച്ചുള്ള മഴ കഴിഞ്ഞ ആഴ്ച ലഭിച്ചിട്ടില്ല. മഴയുടെ കുറവ് വരും ദിവസങ്ങളില്‍ പരിഹരിക്കപ്പെട്ടില്ളെങ്കില്‍ മുന്‍ വര്‍ഷത്തെ പോലെ വരള്‍ച്ചയിലേക്ക് പോകുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.