അമൃത് പദ്ധതി: വെള്ളക്കെട്ട് ഒഴിവാക്കാന്‍ മുന്‍ഗണന

പാലക്കാട്: കേന്ദ്രാവിഷ്കൃതമായ അമൃത് പദ്ധതി നഗരത്തില്‍ നടപ്പാക്കുമ്പോള്‍ മഴക്കാല ദുരിതമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഊന്നല്‍ നല്‍കാന്‍ പ്രോജക്ട് തയാറാക്കുന്നതിന് ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രധാന തോടുകളിലേയും മഴവെള്ള ചാലുകളിലേയും മണ്ണ് നീക്കം ചെയ്ത് പാര്‍ശ്വഭിത്തികള്‍ പുന$സ്ഥാപിച്ച് സംരക്ഷിക്കുന്നതിനാണ് ഊന്നല്‍ നല്‍കുക. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും തുല്യ പരിഗണന ലഭിക്കുന്ന വിധത്തില്‍ ജലലഭ്യത ഉറപ്പ് വരുത്തുന്ന പദ്ധതി സമര്‍പ്പിക്കാനും തീരുമാനിച്ചു. കാലാവധി കഴിഞ്ഞ പൈപ്പുകള്‍ പൊട്ടി നിരന്തരം ജലവിതരണം സ്തംഭിക്കുന്ന അവസ്ഥ ഏത് വിധേനയും ഒഴിവാക്കണം. മലമ്പുഴയില്‍ പുതിയ ജലശുദ്ധീകരണ ശാലകള്‍ നിര്‍മിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംസ്കരിക്കുന്നതിന് പ്ളാന്‍റ് സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പ്രധാന റോഡുകളില്‍ നടപ്പാതകള്‍ ഉറപ്പാക്കും. മോയന്‍സ് സ്കൂള്‍, മിഷന്‍ സ്കൂള്‍, പി.എം.ജി സ്കൂള്‍ എന്നിവിടങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കും. ജി.ബി റോഡില്‍ അടച്ചുപൂട്ടിയ റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കാന്‍ എസ്കലേറ്റര്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി സ്ഥല പരിശോധനക്ക് റെയില്‍വേ തയാറായിട്ടുണ്ട്. ഐ.എം.എ ജങ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ ഇറിഗേഷന്‍ കനാല്‍ സ്ളാബിട്ട് വാഹന പാര്‍ക്കിങിന് ഉപയുക്തമാക്കാനുള്ള നിര്‍ദേശം യോഗം അംഗീകരിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആധുനിക ബസ് കാത്തിരുപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പദ്ധതിക്ക് കേന്ദ്രവിഹിതമായി പദ്ധതി തുകയുടെ 50 ശതമാനവും സംസ്ഥാന വിഹിതമായി 30 ശതമാനവുമാണ് ലഭിക്കുക. ശേഷിക്കുന്ന തുക നഗരസഭ കണ്ടത്തെണം. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. എം.വി. രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ എം. ശങ്കരന്‍കുട്ടി, വിവിധ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. പദ്ധതിക്ക് എം.പി-എം.എല്‍.എ-പ്രാദേശിക വികസന ഫണ്ടുകളില്‍ നിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.