വല്ലപ്പുഴ വി.സി.എം എല്‍.പി സ്കൂള്‍ പ്രതിസന്ധിയില്‍

ഷൊര്‍ണൂര്‍: വല്ലപ്പുഴ വി.സി.എം എല്‍.പി സ്കൂളിന്‍െറ പ്രവര്‍ത്തനം വീണ്ടും താളംതെറ്റുന്നു. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച പ്രധാനാധ്യാപിക കെ. ഗീത പ്രധാനാധ്യാപികയുടെ ചുമതല ഏറ്റെടുക്കാത്തതാണ് പ്രശ്നമെന്ന് പി.ടി.എ ആരോപിക്കുന്നു. നിരവധി ആക്ഷേപങ്ങളുടെ പേരില്‍ കെ. ഗീതയെ 2015 സെപ്റ്റംബര്‍ 12നാണ് സസ്പെന്‍ഡ് ചെയ്തത്. ഈ അധ്യയനവര്‍ഷം ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും രണ്ടാം ക്ളാസിന്‍െറ ചുമതലകൂടിയുള്ള ഇവര്‍ ക്ളാസില്‍ പോവാനോ കുട്ടികളെ പഠിപ്പിക്കാനോ തയാറായില്ളെന്ന് സഹാധ്യാപകര്‍ പറഞ്ഞു. പ്രധാനാധ്യാപികയുടെ ചുമതല ഏറ്റെടുക്കാത്തതിനാല്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം, പാല്‍, മുട്ട എന്നിവയുടെ വിതരണവും മുടങ്ങിയെന്നും അധ്യാപകര്‍ക്കുള്ള ശമ്പളവും മറ്റും ലഭ്യമാകുന്നില്ളെന്നും ആക്ഷേപമുണ്ട്. ഒരു മാസത്തോളമായി അവധിക്കുള്ള കത്ത് നല്‍കാതെ സ്കൂളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പി.ടി.എ കുറ്റപ്പെടുത്തി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ എ.ഇ.ഒ, സ്കൂള്‍ മാനേജര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഓഫിസില്‍ ചര്‍ച്ച നടത്തിയെങ്കിലും അധ്യാപിക ഹാജരായില്ല. തുടര്‍ന്ന് പിറ്റേ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്കൂള്‍ സന്ദര്‍ശിച്ചെങ്കിലും അധ്യാപിക ഹാജരായില്ല. അധ്യാപികയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കണ്ടത്തെിയെന്നും പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും കാണിച്ച് ജില്ലാ കലക്ടര്‍ക്കും ഡി.പി.ഐക്കും കത്ത് നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്‍റ് എം. നന്ദവിലാസിനി പറഞ്ഞു. സീനിയര്‍ അധ്യാപകന് ചുമതല നല്‍കി തല്‍ക്കാലം പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് പി.ടി.എ ആവശ്യപ്പെടുന്നത്. ഒന്നര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്രശ്നങ്ങള്‍ കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.