പാലക്കാട്: കാര്‍ഷിക സബ്സിഡിക്ക് ഉപാധിവെച്ചത് പിന്‍വലിക്കണമെന്ന് ജില്ലാ വികസന സമിതി. സീഡ് അതോറിറ്റിയില്‍നിന്ന് വിത്ത് സ്വീകരിച്ചാല്‍ മാത്രമേ സബ്സിഡിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നെല്‍കര്‍ഷകര്‍ക്ക് ലഭ്യമാവുകയുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാണിച്ച് കെ.വി. വിജയദാസ് എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പിന്താങ്ങി. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിത്ത് ഗുണമേന്മ ഉറപ്പാക്കുമെന്നും അത്തരം വിത്തുകള്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വന്യമൃഗ ശല്യം തടയാന്‍ വൈദ്യുതി ഫെന്‍സിങ്, സോളാര്‍ ഫെന്‍സിങ് എന്നിവ സ്ഥാപിക്കാന്‍ യോഗം ആവശ്യപ്പെട്ടു. മലമ്പുഴ ചിറ്റൂര്‍ മേഖലയില്‍ പരിസ്ഥിതി പ്രശ്നത്തിന് ഇടയാക്കുംവിധം ജനവാസകേന്ദ്രങ്ങളില്‍ നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷിയെ വളര്‍ത്തുന്നത് പരിശോധനാ വിധേയമാക്കണമെന്നും ഇതുമൂലം മാലിന്യം കുമിഞ്ഞു കൂടുന്നതും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുക്കണമെന്നും കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരിശോധന സംഘത്തെ രൂപവത്കരിക്കാനും പഞ്ചായത്ത് തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഡി.ഡി പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പും ജല അതോറിറ്റിയും താഴേതട്ടിലിറങ്ങി ഏകോപിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു. കൃത്യമായി വാട്ടര്‍ ബഡ്ജറ്റിങ് നടത്തി വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. പട്ടാഞ്ചേരി പഞ്ചായത്തിലെ കാട കനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും നിര്‍മിക്കാനിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് കൃത്യമായ മാസ്റ്റര്‍ പ്ളാന്‍ രൂപവത്കരിക്കാനും നടപടിയുണ്ടാവണം. പട്ടാമ്പി ടൗണിലെ തകര്‍ന്ന റോഡുകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. പട്ടയം സംബന്ധിച്ച അപേക്ഷകളിലുള്ള തീര്‍പ്പാക്കല്‍, ഭവനനിര്‍മാണത്തിനുള്ള കെ.എല്‍.യു, ഇതുസംബന്ധിച്ച് പഞ്ചായത്ത് തല കമ്മിറ്റിയിലുണ്ടാകുന്ന തീരുമാനം എന്നിവയിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം മാസ്റ്റര്‍, എം.എല്‍.എമാരായ പി. ഉണ്ണി, കെ.ഡി. പ്രസേനന്‍, എ.ഡി.എം എസ്. വിജയന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.