ഓപറേഷന്‍ അനന്ത: അഞ്ചുപേര്‍ക്ക് ഹൈകോടതിയില്‍ നിന്ന് സ്റ്റേ

ഒറ്റപ്പാലം: ഓപറേഷന്‍ അനന്ത നടപ്പാക്കുന്നതിന്‍െറ ഭാഗമായി നോട്ടീസ് നല്‍കിയ കട ഉടമകളില്‍ അഞ്ചുപേര്‍ ഹൈകോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ സമ്പാദിച്ചു. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ഒറ്റപ്പാലം അഡി. തഹസില്‍ദാര്‍ എന്നിവരെ എതിര്‍കക്ഷികളായി ചേര്‍ത്ത് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍േറതാണ് സ്റ്റേ ഉത്തരവ്. ഇതിനെതിരെ റവന്യൂ വകുപ്പ് കോടതിയെ സമീപിക്കും. കണ്ടീഷന്‍ പട്ടയ പ്രകാരമുള്ള 31 ഉടമകളുടെ കൈവശമുള്ള 23 സെന്‍റ് ഭൂമി തിരിച്ചു പിടിക്കുന്നതിനായി റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. രണ്ടുദിവസങ്ങളിലായി നിശ്ചയിച്ച വാദം കേള്‍ക്കലിന് വ്യാഴാഴ്ചത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നത് 16 പേരോട് ഹാജരാകാനായിരുന്നു. ഇവരില്‍ അഞ്ചുപേരാണ് ഹൈകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചത്. അഞ്ചുപേര്‍ ഭൂമി സ്വയം ഒഴിഞ്ഞുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ അഞ്ചുപേര്‍ ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നും വാദിച്ചു. ഇവര്‍ക്ക് രേഖകള്‍ ശേഖരിച്ചു പരിശോധന നടത്താന്‍ ആഗസ്റ്റ് 10 വരെക്ക് സമയം അനുവദിച്ചു. ഒരു ഉടമ ഹാജരായിരുന്നില്ല. വെള്ളിയാഴ്ച ബാക്കിപേരുടെ വാദം കേള്‍ക്കും. തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു വാദം കേള്‍ക്കല്‍. നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പാതവികസനം ലക്ഷ്യമിട്ടുള്ള ഓപറേഷന്‍ അനന്ത നടപ്പാക്കല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.