വയറിളക്ക രോഗത്തിന് ശമനമില്ല; പട്ടഞ്ചേരിയില്‍ 12 കേസുകള്‍ കൂടി

പാലക്കാട്: കോളറ റിപ്പോര്‍ട്ട് ചെയ്ത പട്ടഞ്ചേരിയിലും പരിസരങ്ങളിലും വയറിളക്ക രോഗത്തിന് കുറവില്ല. പ്രദേശത്തുനിന്ന് 12 പേര്‍ കൂടി തിങ്കളാഴ്ച വയറിളക്കത്തിന് ചികിത്സ തേടി. ആരോഗ്യ വകുപ്പിന്‍െറ ക്യാമ്പിലും നന്ദിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ഇവര്‍ ചികിത്സ തേടിയത്. പ്രദേശത്തുനിന്നുള്ള ഒരു കുട്ടിയെ വയറിളക്കത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡി.എം.ഒ കെ.പി. റീത്ത പറഞ്ഞു. പെരുമാട്ടി പഞ്ചായത്തിലെ പുള്ളിമാന്‍ ചള്ള, നന്ദിയോട്, കന്നിമാരി, കരിപ്പാലി, പീലിയോട്, കല്ലംതോട്, തട്ടാന്‍ ചള്ള എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് രോഗവുമായി വന്നവരുടെ മലം പരിശോധനക്ക് അയച്ചതിന്‍െറ ഫലം ചൊവ്വാഴ്ച ലഭിക്കുമെന്നും കോളറക്കുള്ള സാധ്യത തള്ളിക്കളയുന്നില്ളെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ആശങ്കാജനകമായ സാഹചര്യം ജില്ലയില്‍ നിലനില്‍ക്കുന്നില്ളെന്നും രോഗം പടരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാണെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ചയും തുടര്‍ന്നു. കോളറ റിപ്പോര്‍ട്ട് ചെയ്ത പട്ടഞ്ചേരിയില്‍ പ്രതിരോധമരുന്ന് വിതരണം ഊര്‍ജിതമാണ്. വയറിളക്കത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരാകുന്നവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ളെന്നും ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ ആരുംതന്നെ ചികിത്സ തേടിയിട്ടില്ളെന്നും ഡി.എം.ഒ അറിയിച്ചു. കുടിവെള്ള വിതരണത്തിലെ അശാസ്ത്രീയതയും പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജനവുമാണ് ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന എപ്പിഡമോളജിസ്റ്റിന്‍െറ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടവും കാണുന്നത്. പട്ടഞ്ചേരി പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും പരസ്യമായ മലമൂത്ര വിസര്‍ജനത്തിനെതിരെ പ്രചാരണ പദ്ധതികളും ജില്ലാ ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.