വാളയാറില്‍ എല്ലാം ശരിയാക്കാന്‍ തോമസ് ഐസക്കിന്‍െറ മിന്നല്‍ സന്ദര്‍ശനം

പാലക്കാട്: കുത്തഴിഞ്ഞ വാളയാര്‍ വാണിജ്യനികുതി ചെക്പോസ്റ്റിന്‍െറ പ്രവര്‍ത്തനം വീണ്ടും ശരിയാക്കാന്‍ ദൃഢനിശ്ചയം ചെയ്തായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍െറ ഞായറാഴ്ചത്തെ വാളയാര്‍ സന്ദര്‍ശനം. കോയമ്പത്തൂരിലെ കയര്‍ ബോര്‍ഡിന്‍െറ പരിപാടിയില്‍ പങ്കെടുത്തശേഷം ഉച്ചയോടെ എത്തിയ അദ്ദേഹം മണിക്കൂറുകളാണ് അതിനുവേണ്ടി ചെക്പോസ്റ്റിലും പാലക്കാട് നഗരത്തിലുമായി ചെലവഴിച്ചത്. സംയോജിത ചെക്പോസ്റ്റിനായി കണ്ടത്തെിയ സ്ഥലം പരിശോധിച്ച അദ്ദേഹം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചെക്പോസ്റ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉന്നത വാണിജ്യനികുതി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ മന്ത്രി ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും സമയംകണ്ടു. എവിടെയും വാളയാര്‍ ചെക്പോസ്റ്റ് പ്രധാന ചര്‍ച്ചാവിഷയമാണെന്ന് തോമസ് ഐസക് പറഞ്ഞു. കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന ചോദ്യം വാളയാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോംവഴി എന്ത് എന്നായിരുന്നു. ചെക്പോസ്റ്റില്‍ ലോറികള്‍ കെട്ടിക്കിടക്കുന്നതുമൂലം കേരളത്തിലേക്കുള്ള ചരക്കുവരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ഒന്നരയോടെ എത്തിയ ധനമന്ത്രി സമീപമുള്ള കുടുംബശ്രീ കാന്‍റീനില്‍നിന്ന് ഊണു കഴിച്ചശേഷമാണ് യാര്‍ഡും പരിസരവും ചുറ്റിക്കണ്ടത്. വാണിജ്യനികുതി കമീഷണര്‍ രാജന്‍ കൊബ്രഗഡേ, ഡെപ്യൂട്ടി കമീഷണര്‍ വിജയലക്ഷ്മി, അസി. കമീഷണര്‍ വി. ശൈലേന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് ഏക്കറിലുള്ള പരിമിതമായ സൗകര്യത്തില്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ളെന്ന് മന്ത്രി പറഞ്ഞു. പുതിയ ചെക്പോസ്റ്റ് കോംപ്ളക്സിന് സ്ഥലമേറ്റെടുക്കാന്‍ നടപടി വേഗത്തിലാക്കണം. ഇതിന് ഒന്നര വര്‍ഷമെങ്കിലുമെടുക്കും. വനഭൂമി വിട്ടുകിട്ടാനുള്ള നടപടികളും ഇതോടൊപ്പം നടത്തണം. ഭൂമിയേറ്റെടുക്കാന്‍ നടപടികള്‍ തീവ്രമാക്കാന്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെടും. പുതിയ ചെക്പോസ്റ്റ് വരുന്നതുവരെ കാത്തിരിക്കാനാവില്ല. നിലവിലുള്ള യാര്‍ഡ് വിപുലീകരിക്കാന്‍ തല്‍ക്കാലം സ്ഥലം ലീസിന് കിട്ടുമോ എന്ന് ധനമന്ത്രി ആരാഞ്ഞു. ചെക്പോസ്റ്റിന് പുറത്ത് പത്തേക്കറോളം സ്വകാര്യ സ്ഥലമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലമുടമകള്‍ക്ക് ന്യായമായ വാടക നല്‍കി നിശ്ചിതകാലത്തേക്ക് ലീസിന് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. അഞ്ചേക്കര്‍ സ്ഥലം കിട്ടിയാല്‍ വാഹന പാര്‍ക്കിങ് സുഗമമാക്കാം. ഇതിന് ഉടമകളുമായി താന്‍ നേരിട്ട് സംസാരിക്കാമെന്ന് തോമസ് ഐസക് പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് മന്ത്രി ആരാഞ്ഞു. ജീവനക്കാരുടെ മൊത്തത്തിലുള്ള കുറവുള്ളതിനാല്‍ ചെക്പോസ്റ്റില്‍ 44 പേര്‍ മാത്രമേ ഇപ്പോഴുള്ളൂവെന്ന് കമീഷണര്‍ പറഞ്ഞു. എന്നാല്‍, വാളയാറില്‍ ഇതില്‍ കൂടുതല്‍ പേര്‍ ആവശ്യമാണെന്നും ഉടന്‍ നിയമനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഡ്വാന്‍സ് ടാക്സ് അടക്കാതെ എത്തുന്ന ലോറികളും ഡിക്ളറേഷന്‍ ഇല്ലാതെ എത്തുന്ന പാഴ്സല്‍വണ്ടികളുമാണ് വാളയാറിലെ പ്രധാന പ്രശ്നമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഴുവന്‍ രേഖകളുമായി വണ്ടികള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ടിവരുന്നില്ല. ഡിക്ളറേഷന്‍ ഇല്ലാതെ എത്തുന്ന വണ്ടികള്‍ക്ക് നേരത്തേ പിഴ ചുമത്തിയത് വളരെ ഫലപ്രദമായിരുന്നു. ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ തുറന്നുള്ള പരിശോധന റാന്‍റം രീതിയില്‍ മതിയെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വാഹനങ്ങള്‍ക്ക് ഒന്ന് എന്ന രീതിയില്‍ പരിശോധന മതി. വെളിയിലുള്ള പരിശോധനക്ക് രണ്ട് സ്ക്വാഡുകളെ ചുമതലപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ഒരു സ്ക്വാഡിനുപുറമെ ഒന്നുകൂടി സജ്ജമാക്കണം. സ്ക്കാനിങ് സംവിധാനം കൂടുതല്‍ ആവശ്യം എക്സൈസ് പരിശോധനക്കാണ്. സംയോജിത ചെക്പോസ്റ്റ് സ്ഥാപിക്കുന്നതോടെ എക്സൈസ് പരിശോധന ശാസ്ത്രീയവും ലളിതവുമാവും. സ്ക്കാനിങ്ങില്‍ ദ്രാവകരൂപത്തിലുള്ളവ കണ്ടത്തെിയാല്‍ തുറന്നുപരിശോധിക്കാം. അല്ളെങ്കില്‍ കടത്തിവിടാമെന്നും സങ്കീര്‍ണമായ പരിശോധന ചെക്പോസ്റ്റില്‍ പ്രായോഗികമല്ളെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ ഓട്ടോമാറ്റിക് വെയ്ബ്രിഡ്ജില്‍ പരിശോധിക്കുന്നതോടെ അത്തരത്തിലുള്ള ക്രമക്കേടുകള്‍ക്ക് സാധ്യത അടയും. ചെക്പോസ്റ്റ് വികസനത്തിന് വേണ്ടത്ര ഫണ്ട് നല്‍കാന്‍ തയാറാണ്. കെട്ടിടങ്ങള്‍ പൊടിപിടിച്ചുകിടക്കുന്നത് ഒഴിവാക്കണം. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുക പ്രധാനമാണ്. ചെക്പോസ്റ്റിന് മുന്‍വശത്തെ ഷെഡുകള്‍ പൊളിച്ചുനീക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ചെക്പോസ്റ്റ് വികസനത്തിന് വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ മന്ത്രി ഡെപ്യൂട്ടി കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. തന്‍െറ ഇന്നത്തെ സന്ദര്‍ശനം തുടക്കം മാത്രമാണെന്നും തുടരെയുള്ള പരിശോധന ഉണ്ടാവുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. സംയോജിത ചെക്പോസ്റ്റിനായി കണ്ടത്തെിയ സ്ഥലങ്ങള്‍ പരിശോധിച്ച മന്ത്രി പാലക്കാട് ഗവ. ഗെസ്റ്റ് ഹൗസില്‍വെച്ച് ലീസ്ലാന്‍ഡ് കണ്ടത്തൊന്‍ ഭൂവുടമകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വൈകീട്ട് ആറരയോടെയാണ് അദ്ദേഹം പാലക്കാട് വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.