ഗൃഹോപകരണങ്ങളുടെ പേരില്‍ തട്ടിപ്പ്; മണ്ണാര്‍ക്കാട്ട് നിരവധി പേര്‍ക്ക് പണം നഷ്ടമായി

മണ്ണാര്‍ക്കാട്: ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ് നടത്തിയതായി പരാതി. മിതമായ വിലയില്‍ ഗൃഹോപകരണങ്ങള്‍ എന്ന നോട്ടിസ് കാണിച്ച് വീടുകള്‍ കയറിയിറങ്ങി പിരിവ് നടത്തി മുങ്ങുകയായിരുന്നു. മണ്ണാര്‍ക്കാട് മേഖലയിലെ തെങ്കര, ചേറുംകുളം, മുതുവല്ലി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം തട്ടിപ്പ് അരങ്ങേറിയത്. ഓര്‍ഡര്‍ എടുത്ത് മണിക്കൂറുകള്‍ക്കകം ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിച്ചുതരാമെന്ന് പറഞ്ഞ് ആയിരക്കണക്കിന് രൂപയാണ് ഒമ്നി വാനില്‍ എത്തിയവര്‍ തട്ടിയെടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ആളുകളോ സാധനമോ എത്താതായതോടെ രശീതിയിലെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തത് വയനാട്ടിലാണെന്ന് വഞ്ചിതരായവര്‍ പറയുന്നു. വിവിധയിടങ്ങളില്‍ ഇവര്‍ പല ഫോണ്‍ നമ്പറുകളാണ് നല്‍കിയത്. റോയല്‍ ഇലക്ട്രിക്കല്‍സ് എന്ന പേരിലെ രശീതിയാണ് നല്‍കിയത്. വിലാസമില്ലാതെ അടിച്ചിറക്കിയ നോട്ടീസില്‍ കോട്ടക്കല്‍, മലപ്പുറം, കോഴിക്കോട്, ഗുരുവായൂര്‍, മണ്ണാര്‍ക്കാട്, പഴയരി, തൃശൂര്‍, പാലക്കാട്, ആലുവ, കുന്നംകുളം എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്നാണ് വിവരം. കട്ടില്‍, മേശ, അലമാര, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, തുന്നല്‍ മെഷീന്‍, ടെലിവിഷന്‍, ഡൈനിങ് ടേബ്ള്‍, സോഫാ സെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ നല്‍കുമെന്ന് പറഞ്ഞാണ് പിരിവ് നടത്തിയത്. ഏകദേശം 45 വയസ്സ് പ്രായമുള്ളവരാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായ ചേറുംകുളത്തെ കൃഷ്ണകുമാരിയും മുതുവല്ലിയിലെ രാധാമണിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.