വയറിളക്ക രോഗം പടരാന്‍ കാരണം ശുചിത്വമില്ലായ്മയാണെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂന്ന് പേരുടെ മരണത്തിന് വഴിവെച്ച വയറിളക്കരോഗം പടരാന്‍ പ്രധാന കാരണം ഗുരുതരമായ ശുചിത്വമില്ലായ്മയാണെന്ന് ഡോക്ടര്‍മാര്‍. വയറിളക്കം ബാധിച്ച് വ്യാഴാഴ്ച ചിറ്റൂര്‍ താലൂക്കിലെ പട്ടഞ്ചേരി പഞ്ചായത്തില്‍ ഒരാള്‍ കൂടി മരിച്ചു. ബുധനാഴ്ച വയറിളക്കം ബാധിച്ച് അയല്‍വാസികളായ രണ്ട് വൃദ്ധര്‍ മരിച്ചിരുന്നു. പരിസര ശുചിത്വത്തിലെ പോരായ്മയാണ് വയറിളക്കം പോലുള്ള പകര്‍ച്ചവ്യാധി പടരാന്‍ കാരണമാകുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും വൃത്തിഹീനമായ വെള്ളം കുടിക്കുന്നതും രോഗം പടരാന്‍ കാരണമാകുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യത്തില്‍ വെള്ളം സൂക്ഷിച്ചതാണ് രോഗം പടരാന്‍ കാരണമായി കരുതുന്നത്. രണ്ട് മരണവും സംഭവിച്ചത് പഞ്ചായത്തിലെ ഒരേ വാര്‍ഡിലാണ്, മൂന്നാമത്തേതാകട്ടെ ഈ വാര്‍ഡില്‍ വന്ന് ഭക്ഷണം കഴിച്ച് പോയ ആളുമാണ്. പ്രദേശത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണെന്നും മഴവെള്ളത്തിനൊപ്പം അവ ചേര്‍ന്ന് കുടിവെള്ളത്തില്‍ കലര്‍ന്നതാണ് പ്രധാന കാരണമെന്നും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നതാണ് ജലജന്യരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യാനുള്ളത്. പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക, മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈ വൃത്തിയായി സോപ്പിട്ട് കഴുകുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്നു. വയറിളക്കം ബാധിച്ചാല്‍ ശരീരത്തിലെ ജലാംശം താഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ കുടിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും അധികൃതര്‍ പറയുന്നു. ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ ഒരു പാക്കറ്റ് ഒ.ആര്‍.എസ് ലായനി എന്നാണ് കണക്ക്. എന്നാല്‍, ഗ്ളൂക്കോസ് വെള്ളമോ, മധുരമുള്ള ജ്യൂസോ നല്‍കാന്‍ പാടില്ളെന്നും വിദഗ്ധ സംഘം പറയുന്നുണ്ട്്. പ്രദേശത്തെ വീടുകളില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. ഡോക്ടര്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പട്ടഞ്ചേരി പഞ്ചായത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രം ഇല്ലാത്തതിനാല്‍ രോഗം കണ്ടത്തെിയാല്‍ അയല്‍ പഞ്ചായത്തുകളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുക മാത്രമേ ഇവിടുത്തുകാര്‍ക്ക് വഴിയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.