വീട്ടുനമ്പര്‍ ലഭിച്ചില്ല; നഗരസഭക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ദലിതര്‍

ഷൊര്‍ണൂര്‍: അര്‍ബുദം ബാധിച്ചതും മാനസിക വളര്‍ച്ചയത്തൊത്തതുമായ രണ്ട് മക്കളുള്ള ദലിത് വിഭാഗത്തില്‍പെട്ടയാള്‍ വീട്ട് നമ്പര്‍ ലഭിക്കാനായി നഗരസഭാ ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ അനുവദിച്ച സ്ഥലത്ത് നിര്‍മിച്ച വീടിനാണ്നമ്പര്‍ ലഭിക്കാന്‍ ചുഡുവാലത്തൂര്‍ കുന്നത്തുതൊടി ശശീന്ദ്രന്‍ കഴിഞ്ഞ നാല് വര്‍ഷമായി നെട്ടോട്ടമോടുന്നത്. 2009ല്‍ നഗരസഭ മൂന്ന് സെന്‍റ് സ്ഥലവും വീട് നിര്‍മിക്കാന്‍ അനുമതിയും നല്‍കി. നിര്‍മാണം പൂര്‍ത്തീകരിച്ചതിനുശേഷം പാടേശഖര സമിതി കൃഷിസ്ഥലത്താണ് വീട് നിര്‍മിച്ചതെന്ന് കാണിച്ച് പരാതി നല്‍കിയതായി നഗരസഭാധികൃതര്‍ വീടിന് നമ്പറിട്ട് നല്‍കിയില്ല. ഇതോടെ വെള്ളവും വെളിച്ചവും റേഷന്‍കാര്‍ഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം അറുപതുകാരനായ ഗൃഹനാഥന് അന്യമായി. രോഗികളായ മക്കള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിപോലും ലഭിക്കാനവസരമില്ലാതായത് ഹതഭാഗ്യനായ ഈ ഗൃഹനാഥന് ഇരുട്ടടിയായി. കുടുംബത്തിന്‍െറ നിസ്സഹായവസ്ഥയില്‍ ഭാര്യ ജാനകിക്കും ഒന്നും ചെയ്യാനാകുന്നില്ല. ഇതേ പാടശേഖര സമിതിയുടെ കീഴിലുള്ള പാടത്ത് ഇരുനില ടെറസ് വീടുകള്‍ ധാരാളമായി നിര്‍മിച്ചിട്ടുണ്ട്. ഇവക്ക് വീട്ടുനമ്പറും വൈദ്യുതിയും വെള്ളവുമൊക്കെ ലഭിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനായ ശശീന്ദ്രന്‍ കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലം കണ്ടിട്ടില്ല. ഇദ്ദേഹത്തിന്‍െറ പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി ടി.എസ്. സജി പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരുടെ എതിര്‍പ്പാണ് തടസ്സമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ വി. വിമലയും വ്യക്തമാക്കി. പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പട്ടികജാതി സംഘടനാ പ്രവര്‍ത്തകനായ കെ. പരമേശ്വരന്‍ പറഞ്ഞു. മനുഷ്യാവകാശ കമീഷനും പട്ടികജാതി വകുപ്പിനും ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.