സ്കൂള്‍ വളപ്പിലെ മരം കടപുഴകി; തലനാരിഴക്ക് ദുരന്തം ഒഴിവായി

പത്തിരിപ്പാല: ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഉങ്ങ് മരം കടപുഴകി വീണു. തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. സ്കൂളില്‍ ഇടവേള കഴിഞ്ഞ് ബെല്ലടിച്ച് കുട്ടികള്‍ ക്ളാസില്‍ കയറിയ ഉടനെയാണ് മരം വീണത്. ക്ളാസിലേക്ക് പോകുന്ന ഒരു വിദ്യാര്‍ഥി മരംവീഴുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മരം വീണ് ഐ.ഇ.ഡി സ്കൂള്‍ കെട്ടിടത്തിന്‍െറ മേല്‍ഭാഗം ഭാഗികമായി തകര്‍ന്നു. യു.പി വിഭാഗം ക്ളാസ് മുറികള്‍ക്കും തൊട്ടടുത്താണ് മരം. കാറ്റോ മഴയോ പോലും ഇല്ലാത്ത സമയത്താണ് അടിഭാഗം ദ്രവിച്ച മരം മുറ്റത്തേക്ക് വീണത്. ഉച്ചക്ക് ഇതിന്‍െറ തണലത്തിരുന്ന് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുകയും കളിക്കുകയും ചെയ്യാറുണ്ട്. ഇനിയും കാലപ്പഴക്കം ചെന്ന ഒട്ടനവധി മരങ്ങള്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പി.ടി.എ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്ന് പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷവും ഒരുമാസം മുമ്പും സ്കൂള്‍വളപ്പിലെ രണ്ട് മരങ്ങള്‍ സംസ്ഥാന പാതയിലേക്ക് കടപുഴകി വീണിരുന്നു. അപകടത്തില്‍ നിര്‍ത്തിയിട്ട കാര്‍ ഭാഗികമായി തകരുകയും വൈദ്യുതി പോസ്റ്റുകള്‍ തകരുകയും ചെയ്തിരുന്നു. തലനാരിഴക്കാണ് അന്നും അപകടം ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.