പാലക്കാട് മെഡിക്കല്‍ കോളജ്: ഏക ആശ്രയം പട്ടികജാതി കോര്‍പസ് ഫണ്ട്

പാലക്കാട്: ഗവ. മെഡിക്കല്‍ കോളജിന്‍െറ നടത്തിപ്പിന് ഇനി ഏക ആശ്രയം പട്ടികജാതി വികസന വകുപ്പിന്‍െറ കോര്‍പസ് ഫണ്ട്. ബജറ്റില്‍ പ്രത്യേകം തുക വകയിരുത്താത്തതിനാല്‍ ഈ വര്‍ഷവും കോര്‍പസ് ഫണ്ടിന്‍െറ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടിവരും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് 121 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പാലക്കാട് മെഡിക്കല്‍ കോളജ് പട്ടികജാതി വികസന വകുപ്പിന് കീഴിലായതിനാല്‍ ഈ ഫണ്ട് ലഭ്യമാകില്ല. കോര്‍പസ് ഫണ്ടില്‍ മെഡിക്കല്‍ കോളജിന്‍െറ ശമ്പളമടക്കം ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടിവരും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം പാലക്കാട് മെഡിക്കല്‍ കോളജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളികളഞ്ഞിരിക്കുകയാണ്. പുതിയ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടതില്ളെന്ന് ധനവകുപ്പ് നിലപാടെടുത്തതാണ് പാലക്കാട് മെഡിക്കല്‍ കോളജിന് ഇരുട്ടടിയായത്. കോര്‍പസ് ഫണ്ടില്‍ സ്ഥാപനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് ചോദ്യ ചിഹ്നമാണ്. സ്ഥാപനത്തിന്‍െറ നടത്തിപ്പിന് വര്‍ഷംതോറും ലക്ഷങ്ങളുടെ നടത്തിപ്പ് ചെലവുണ്ട്. ഇത് കോര്‍പസ് ഫണ്ടില്‍നിന്ന് ഇതിന് പണം നീക്കിവെക്കുന്നത് നിയമ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പട്ടികജാതി വിഭാഗത്തിന്‍െറ പൊതുവായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുകയാണ് മെഡിക്കല്‍ കോളജിനായി വര്‍ഷംതോറും നീക്കിവെക്കുന്നത്. 800 കോടിയോളം രൂപയാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ഇതിനകം വിനിയോഗിച്ചത്. ഈ തുക മുഴുവന്‍ കോര്‍പസ് ഫണ്ടില്‍നിന്നാണ് സര്‍ക്കാര്‍ അനുവദിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കോര്‍പസ് ഫണ്ട് വകമാറ്റിയാല്‍ പട്ടികജാതി വികസന വകുപ്പിന്‍െറ പല ക്ഷേമപദ്ധതികളേയും ഇത് സാരമായി ബാധിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന്‍െറ പ്രവര്‍ത്തനം തുടങ്ങാന്‍ കൂടുതല്‍ തുക വേണ്ടിവരും. ഇതിനെല്ലാം ബജറ്റ് സപ്പോര്‍ട്ട് ഇല്ലാതെ സാധ്യമല്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മാത്രമേ കോളജും ആശുപത്രിയും കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയൂ. സ്ഥാപനം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാറിനായില്ല. അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കുമെന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നതായും സൂചനയുണ്ട്. നിയമനങ്ങളില്‍ ചിലത് അനിവാര്യമാണെങ്കില്‍ നിലനിര്‍ത്തേണ്ടിവരുമെന്ന നിലപാടിലാണ് ഇപ്പോള്‍ വകുപ്പ് മന്ത്രിയുള്ളത്. മെഡിക്കല്‍ കോളജ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടത്തികൊണ്ടുപോകണമെന്നായിരുന്നു യു.ഡി.എഫ് താല്‍പര്യം. ഇതിനാണ് കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ മുഖ്യമന്ത്രി ചെയര്‍മാനായ സൊസൈറ്റിക്ക് കീഴിലാക്കിയത്. ഈ നിലക്കുള്ള നീക്കത്തിന് എല്‍.ഡി.എഫിന് നയപരമായ വിയോജിപ്പുള്ളതിനാല്‍ സ്ഥാപനത്തിന്‍െറ ഭാവി വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.