പെരിന്തല്‍മണ്ണ–പട്ടാമ്പി റൂട്ടിലെ ബസ് പണിമുടക്ക് ദുരിതമായി

പുലാമന്തോള്‍: പെരിന്തല്‍മണ്ണ പട്ടാമ്പി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാര്‍ക്ക് ദുരിതമായി. വ്യാഴാഴ്ച വൈകുന്നേരം കരിങ്ങനാടുണ്ടായ അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുകള്‍ വെള്ളിയാഴ്ച സര്‍വിസ് മുടക്കിയത്. വ്യാഴാഴ്ച കരിങ്ങനാട് സലഫിയ്യ കോളജിന് സമീപം നടന്ന അപകടത്തില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന വി.പി. അബൂബക്കര്‍ മരണപ്പെട്ടതോടെയാണ് അമിതവേഗതയിലായിരുന്ന ബസിനെതിരെ ജനരോഷമുയര്‍ന്നത്. നാട്ടുകാര്‍ ബസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് താലൂക്ക് ബസ് ഉടമസ്ഥ സംഘം പെരിന്തല്‍മണ്ണ-പട്ടാമ്പി റൂട്ടില്‍ ബസ് സര്‍വിസ് നിര്‍ത്തി വെച്ചതോടെയാണ് റൂട്ടിലെ യാത്രക്കാര്‍ ദുരിതത്തിലായത്. നൂറിലധികം ബസുകളാണ് സര്‍വിസ് മുടക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വാഹനം കിട്ടാതെ നട്ടം തിരിഞ്ഞു. ബസില്ലാത്തത് കാരണം ചെറുകര, കട്ടുപ്പാറ, പുലാമന്തോള്‍ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങളിലത്താനായില്ല. എന്നാല്‍ സ്വകാര്യ ബസ് പണിമുടക്ക് കാരണം പെരിന്തല്‍മണ്ണ, പട്ടാമ്പി റൂട്ടില്‍ 10 ട്രിപ്പുകള്‍ അധിക സര്‍വിസ് നടത്തിയതായി കെ.എസ്.ആര്‍.ടി.സി പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്നറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.