പാലക്കാട്: പട്ടികജാതി ക്ഷേമവകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് കൈമാറാന്‍ കടമ്പകളേറെ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാറിനുള്ള വൈമനസ്യമാണ് പ്രധാനപ്രശ്നം. നിയമപരവും മറ്റുമായ സങ്കീര്‍ണതയും തടസ്സമായേക്കും. മുഖ്യമന്ത്രി ചെയര്‍മാനായ ചാരിറ്റബ്ള്‍ ട്രസ്റ്റിനാണ് നിലവില്‍ സ്ഥാപനത്തിന്‍െറ മേല്‍നോട്ടം. പട്ടികജാതി വകുപ്പിന്‍െറ കോര്‍പസ് ഫണ്ടില്‍നിന്ന് 800 കോടിയോളം രൂപ വിനിയോഗിച്ചാണ് മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. പട്ടികജാതി വിഭാഗത്തിന് 80 ശതമാനം സീറ്റ് സംവരണമുള്ള സ്ഥാപനം രാജ്യത്തെ ഈ മാതൃകയിലുള്ള ആദ്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമെന്നാണ് യു.ഡി.എഫ് അവകാശപ്പെട്ടിരുന്നത്. പൂര്‍ണമായി പൊതു ഉടമസ്ഥതയിലായിട്ടും സ്ഥാപനത്തെ കഴിഞ്ഞ സര്‍ക്കാര്‍ ട്രസ്റ്റിന് കീഴിലാക്കിയത് ഭാവിയില്‍ സ്വകാര്യ പങ്കാളിത്തം കൂടി ലക്ഷ്യമിട്ടായിരുന്നു. ഇതുവഴി സര്‍ക്കാറിന് ബാധ്യതയില്‍നിന്ന് ഒഴിയാമെന്നും സ്വാശ്രയരീതിയില്‍ നടത്താമെന്നുമായിരുന്നു അനുമാനം. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ സൗജന്യചികിത്സ അനുവദിക്കേണ്ടെന്നും ഇതുവഴി ലഭിക്കുന്ന ലാഭം സംരംഭകര്‍ക്ക് ആകര്‍ഷകമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതേസമയം, സ്ഥാപനത്തില്‍ സ്വാശ്രയസീറ്റ് അനുവദിക്കുന്നതും നിലവിലെ പട്ടികജാതി സംവരണം നിലനിര്‍ത്തുന്നതുമടക്കം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാതെയാണ് സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിന് വാതില്‍ തുറന്നിട്ടത്. അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ ഉള്‍പ്പെടെ 200ഓളം തസ്തികകളില്‍ നേരിട്ട് നിയമനം നടത്തുകയും പി.എസ്.സി നിയമനം തടയുകയും ചെയ്തതിനുപിന്നിലും സ്വകാര്യവത്കരണ ലക്ഷ്യമായിരുന്നു. ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങളില്‍ സ്പെഷല്‍ ഓഫിസര്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കിയതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ കൊള്ളക്ക് വഴിതുറക്കുകയും ചികിത്സാ സൗജന്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സ്വകാര്യ-പൊതു സംരംഭമെന്ന ആശയത്തോട് എല്‍.ഡി.എഫ് സര്‍ക്കാറിന് യോജിപ്പില്ല. സ്ഥാപനം പട്ടികജാതി ക്ഷേമവകുപ്പില്‍ നിലനിര്‍ത്തുന്നത് ദോഷം ചെയ്യുമെന്നും എല്‍.ഡി.എഫ് കരുതുന്നു. നിലവില്‍ കോര്‍പസ് ഫണ്ടില്‍നിന്നാണ് ശമ്പളമടക്കം നല്‍കുന്നത്. ബജറ്റ് പിന്തുണയില്ലാതെ സ്ഥാപനത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റുകയാണ് അഭികാമ്യമെന്ന നിലപാടാണ് സി.പി.എമ്മിനെങ്കിലും സര്‍ക്കാറിന് സ്ഥാപനം ഏറ്റെടുക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതയാണ് പ്രധാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയാല്‍ പി.എസ്.സി നിയമനമടക്കം വേണ്ടിവരും. ആശുപത്രിയിലും വലിയതോതില്‍ നിയമനങ്ങള്‍ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.