കള്ളിയമ്പാറയിലെ ‘ജൈവവളം’ വ്യാജമെന്ന് പഞ്ചായത്ത് അധികൃതര്‍

മുതലമട: കള്ളിയമ്പാറയില്‍ നിക്ഷേപിച്ച നിറ്റ ജലാറ്റിന്‍ ‘ജൈവവളം’ കര്‍ഷകര്‍ ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് അധികൃതര്‍. കള്ളിയമ്പാറയിലെ സ്വകാര്യ തോട്ടത്തില്‍ പത്ത് വര്‍ഷമായി നിക്ഷേപിച്ച് നാട്ടുകാര്‍ക്ക് തീരാദുരിതത്തിന് വഴിവെച്ച രാസമാലിന്യം ജൈവവളമെന്ന പേരില്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് കൃഷിയിടങ്ങളില്‍ ഉപയോഗിക്കരുതെന്നും ഗ്രാമപഞ്ചായത്തില്‍ നടന്ന ബോധവത്കരണ ക്ളാസിലാണ് അധികൃതര്‍ പറഞ്ഞത്. കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുതലമട പഞ്ചായത്ത് മീറ്റിങ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ഞൂറിലധികം കര്‍ഷകപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും പങ്കെടുത്തു. ജൈവവളമെന്ന പേരിലാണ് മാലിന്യം ചാക്കിലാക്കി വിതരണം നടത്തുന്നത്. രാസമാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചാലക്കുടി കാതികുടത്ത് മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ച ഇവിടുത്തെ രാസമാലിന്യങ്ങള്‍ നീക്കംചെയ്യണമെന്നും മറ്റ് മാലിന്യങ്ങള്‍ ഇവിടുത്തെ സ്വകാര്യ തോട്ടങ്ങളില്‍ നിക്ഷേപിക്കുന്നത് കണ്ടത്തെി ഉടമകള്‍ക്കെതിരെ പൊലീസും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്നും സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് ബേബിസുധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതലമട കൃഷി ഓഫിസര്‍ സിന്ധുദേവി, കൊല്ലങ്കോട് കൃഷി അസി. ഡയറക്ടര്‍ വിനോദ്കുമാര്‍, ആരോഗ്യ വകുപ്പ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറിമാരായ ചെന്താമരാക്ഷന്‍, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.