കലയുടെ രാജാങ്കണത്തില്‍ കരിമ്പനനാടിന് തങ്കത്തിളക്കം

പാലക്കാട്: കായികരംഗത്തെ കുതിപ്പിനോടൊപ്പം കലയുടെ രാജാങ്കണത്തിലും കരിമ്പനയുടെ മുത്തുകള്‍ക്ക് തങ്കതിളക്കം. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മുന്‍ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിച്ച് പാലക്കാട് കരുത്തരായ കോഴിക്കോടിനെ അവസാനനിമിഷം വരെ മുന്‍മുനയില്‍ നിര്‍ത്തി. വിദ്യാഭ്യാസ വകുപ്പിന്‍െറ നിയന്ത്രണം കാരണം അപ്പീലുകള്‍ പലതും തള്ളപ്പെട്ടിട്ടും പാലക്കാട്ടെ കുഞ്ഞുപ്രതിഭകള്‍ കപ്പ് നിലനിര്‍ത്താന്‍ പൊരുതി. ആവേശകരമായ അവസാന ദിനത്തില്‍ നേരിയ വ്യത്യാസത്തിനാണ് പാലക്കാട് കോഴിക്കോടിന് ഒന്നാംസ്ഥാനം നല്‍കിയത്. കോഴിക്കോടിന് 919 പോയന്‍റ് ലഭിച്ചപ്പോള്‍ പാലക്കാടിന് 912 പോയന്‍റ് ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം നാലാം തവണയും ഏറ്റവും മികച്ച സ്കൂളായത് ജില്ലക്ക് അഭിമാനനേട്ടമായി. കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടെടുത്ത 2015ലെ കലോത്സവത്തില്‍ ജില്ല നേടിയ പോയന്‍റുകളില്‍ പകുതിയും സംഭാവന ചെയ്തത് ആലത്തൂര്‍ ഗുരുകുലമാണ്. ഇത്തവണ ജില്ലയുടെ വിജയഗ്രാഫ് ഉയര്‍ത്താന്‍ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് ഉള്‍പ്പെടെ മറ്റു സ്കൂളുകളും മത്സരിച്ചു. പാലക്കാട് നഗരത്തിലെ സ്കൂളുകളുടെ സംഭാവനയും വലുതായിരുന്നു. പാലക്കാട് കാണിക്കമാത, ഒലവക്കോട് എം.ഇ.എസ്, ഒലവക്കോട് സെന്‍റ് തെരേസാസ് എന്നിവ ഗണ്യമായ സംഭാവന നല്‍കി. ഓട്ടന്‍തുള്ളലില്‍ പാലക്കാട് ആധിപത്യം നിലനിര്‍ത്തി. പഞ്ചവാദ്യത്തില്‍ പെരിങ്ങോടന്‍ മേല്‍ക്കോയ്മക്ക് ഇടിവുപറ്റിയില്ല. തിരുവാതിരയിലും കഥകളിയിലും കൂടിയാട്ടത്തിലും കേരളനടനത്തിലുമെല്ലാം ജില്ലയുടെ വിജയമുദ്രയുണ്ട്. തായമ്പകയിലും ചെണ്ടയിലും പാലക്കാട് പെരുമ കാത്തു. പതിവുതെറ്റിച്ച് സര്‍ക്കാര്‍ സ്കൂളുകളും വന്‍ മുന്നേറ്റം നടത്തി. പാലക്കാട് മോയന്‍സ്, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്, വെള്ളിനേഴി ജി.എച്ച്.എസ്.എസ്, കുമാരപുരം ജി.എച്ച്.എസ്.എസ്, കൊടുവായൂര്‍ ജി.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകള്‍ വിജയം കൊയ്തു. പോയന്‍റ്നിലയില്‍ മറ്റു സ്കൂളുകളെ ബഹുദൂരം പിന്തള്ളിയാണ് ആലത്തൂര്‍ ഗുരുകുലത്തിന്‍െറ മുന്നേറ്റം. എട്ട് ഒന്നാംസ്ഥാനവും ഒമ്പത് രണ്ടാംസ്ഥാനവും നാല് മൂന്നാംസ്ഥാനവും നേടിയാണ് എച്ച്.എസ് വിഭാഗത്തില്‍ ഗുരുകുലം സംസ്ഥാനത്തെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. പരിചമുട്ട് കളി, കോല്‍ക്കളി, ചവിട്ടുനാടകം, ഉര്‍ദു സംഘഗാനം, സംസ്കൃതം നാടകം, പാഠകം, തമിഴ് പദ്യംചൊല്ലല്‍ എന്നിവയില്‍ ഒന്നാംസ്ഥാനം ഗുരുകുലത്തിനാണ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ അപ്പീലുകള്‍ അനുവദിക്കാതിരുന്നിട്ടും മികച്ച സ്കൂളെന്ന ഖ്യാതി കൈവിടാതെ സൂക്ഷിച്ചത് ഗുരുകുലത്തിന്‍െറ വിജയത്തിന്‍െറ മാറ്റ് കൂട്ടി. കൃത്യമായ ചിട്ടവട്ടങ്ങളാണ് ആലത്തൂരിന്‍െറ വിജയരഹസ്യം. അധ്യയനത്തിന് മുടക്കംവരുത്താതെ വര്‍ഷം മുഴുവന്‍ നീളുന്ന പരിശീലനത്തിലൂടെയാണ് ഗുരുകുലത്തെ കുഞ്ഞുപ്രതിഭകള്‍ നേട്ടങ്ങള്‍ കൊയ്തത്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ഒത്തൊരുമയും കഠിനാധ്വാനവും പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുമാണ് സ്കൂളിന്‍െറ വിജയരഹസ്യമെന്ന് പ്രിന്‍സിപ്പല്‍ വിജയന്‍ വി. ആനന്ദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.